2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

നാലാമന്‍

കള്ളകര്‍ക്കിടകത്തിന്‍െറ
നനഞ്ഞിരുണ്ട നിഴല്‍.
എറാലില്‍ നിന്നിറ്റുന്ന കണ്ണുനീര്‍
മഴമഞ്ഞു പുതച്ച പച്ചപ്പുകള്‍.
തവളകളുടെ വിലാപസ്വരങ്ങള്‍.
തണുത്ത കാറ്റിന്‍െറ മരവിച്ച ആലിംഗനം.
മുളങ്കാടുകളുടെ സംഹാരനൃത്തങ്ങള്‍.
പുഴയില്‍ പുളയുന്ന വേദനകള്‍.
ഒരു മുറിയില്‍ മൗനം മൂടി മൂന്നുപേര്‍.
നാലാമനെവിടെ ?
ജീവിതത്തെക്കാളേറെ സ്വപ്നങ്ങളെ സ്നേഹിച്ചവന്‍.
കവിതകളും വര്‍ണ്ണങ്ങളും നെഞ്ചിലേറ്റിയവന്‍.
വിപ്ലവവും പ്രണയവും പങ്കുവെച്ചവന്‍.
ദുരിതങ്ങളുടെ തീരാച്ചുമടുമായി
കര്‍മബന്ധങ്ങളെ ചവിട്ടിമെതിച്ച്
പെരുമഴയിലേക്കിറങ്ങിപ്പോയവന്‍..
ചോരയിലും മഴയിലും നനഞ്ഞ റയില്‍പ്പാളം.
സമാന്തരങ്ങളുടെ വിദൂരായഥാര്‍ത്ഥസന്ധികള്‍.
ചിതറിയ പുസ്തകങ്ങളില്‍ വീണ മജ്ജയും മാംസവും.
ഒരു പൊതിച്ചോറിന്‍െറ തീരാത്ത അവശിഷ്ടം.
അക്ഷമയോടെ കാത്തിരിക്കുന്ന കാക്കകള്‍.
മഴയില്‍ കുതിര്‍ന്നു വീഴാറായ
പുല്ലുമേഞ്ഞ മണ്‍കുടില്‍.
മണ്ണെണ്ണ വിളക്കിന്‍െറ അരണ്ട നാളങ്ങള്‍.
മുറ്റത്തെ ചാണകം മെഴുകിയ ഇത്തിരി മണ്ണില്‍
കോടി പുതച്ചുറങ്ങുന്നവന്‍..
അടക്കിപ്പിടിച്ച വിലാപങ്ങള്‍.
ഭ്രാന്തമായി ഉഴറുന്ന കാറ്റ്.
ഇരുണ്ട ആകാശം പൊട്ടിയൊലിക്കുമ്പോള്‍
തണുക്കാതെ മണ്ണിലുറങ്ങുന്നവന്‍.
കര്‍ക്കിടകവാവിലെ കറുത്തചന്ദ്രന്‍.
ഒഴുകുന്ന പുഴയരികില്‍ മൂന്നുപേര്‍.
ഒരിലച്ചീന്തില്‍ രണ്ടുമണിയരിയും.
ഒരു റോസാപൂവും.
ഒരു പുസ്തകവും.
ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
കാണാമെന്ന കരാറില്‍ യാത്രപിരിയുമ്പോള്‍
തുളുമ്പാത്ത കണ്ണുനീരിന്‍െറ ഒടുങ്ങാത്ത കടച്ചില്‍.

2010, ജൂലൈ 15, വ്യാഴാഴ്‌ച

സന്ധ്യ


ഒരു പകലിവിടെയെരിഞ്ഞടങ്ങീടുന്നു
ഒരു സന്ധ്യപൂത്തിടുന്നു
വിങ്ങുന്ന പാദങ്ങളീവഴിത്താരയില്‍
പദമുദ്ര തീര്‍ത്തിടുമ്പോള്‍
ഇത്തിരി നേരമീ സന്ധ്യതന്‍ ചാരത്തിരിക്കട്ടെ-
ഞാനേകനായ്.
കണ്ടില്ല കണ്ടില്ല കാണാന്‍ കൊതിച്ചോരാ
നീര്‍മരുപ്പച്ചയും ഞാന്‍
കണ്ടു ഞാന്‍ വിണ്ടുകിടന്ന പാടങ്ങളും
വരളുന്ന നദിയുടെ നന്മകളും.
കേട്ടില്ല കേട്ടില്ല കേള്‍ക്കാന്‍ കൊതിച്ചൊരാ
കുയിലിന്‍െറ നാദവും ഞാന്‍.
കേട്ടു ഞാന്‍ തോക്കിന്‍െറ ഗര്‍ജ്ജനവും പിന്നെ
മുനിയുന്ന, പിടയുന്ന രോദനവും
തളരുന്നയെന്‍ മേനി തഴുകുവാന്‍ വന്നില്ല
കുളിരലതെന്നലിന്ന്
എന്നെത്തഴുകുവാന്‍ വന്നത് തപ്തമാം
വിഷലിപ്ത മാരുതനോ ?
സിന്ദൂരംവീണിരുണ്ടുപോം വഴികളില്‍
കത്തുന്ന കല്‍വിളക്കില്‍
സ്നേഹമൊഴിച്ചൊരു തിരി നീട്ടുവാനായെന്‍
കൈകള്‍ തരിച്ചു നില്‍ക്കേ
ഒരുമതന്‍ ഇരുകല്ലുക്കൂട്ടിയുരച്ചൊരു
അഗ്നിസ്ഫുലിംഗമാകാന്‍
വന്നില്ലയിതുവഴി ആരുമേയീവന
ഏകാന്തശാന്തഭൂവില്‍.

2010, ജൂലൈ 5, തിങ്കളാഴ്‌ച

പന്തിന്‍െറ നിസ്സഹായത


ദക്ഷിണാഫ്രിക്കയില്‍ ലോകപന്തുരുളുന്നു.
മൈതാനത്തില്‍ മുഴങ്ങുന്ന വവുസലയുടെ ശബ്ദം
ഗാലറിയില്‍ ആനന്ദനടനങ്ങള്‍.
മൈതാനത്ത്
ആക്രമണങ്ങളും,പ്രത്യാക്രമണങ്ങളും
പ്രതിരോധങ്ങളും,പിഴവുകളും
ഫൌളുകളും,വര്‍ണ്ണകാര്‍ഡുകളും.
മൈതാനം നിറഞ്ഞുകളിക്കുന്ന ലോകങ്ങള്‍.
ടിക്കറ്റുകളും,പരസ്യങ്ങളും,വാതുവെയ്പുകളും
പണക്കൊയ്ത്തിനിറങ്ങുന്ന കളികള്‍
കളികഴിയുമ്പോള്‍ ശൂന്യമാകുന്ന മൈതാനം
വൃത്തിയാക്കുന്ന തൊഴിലാളികളുടെ പ്രതിഷേധം.
ചൂഷണത്തിനെതിരെ മുദ്രാവാക്യങ്ങള്‍
ലാത്തിച്ചാര്‍ജ്ജുകളും അറസ്റ്റുകളും
എല്ലാം വാരിക്കൂട്ടികൊണ്ടുപോകുന്നവര്‍ക്കുമുന്‍പില്‍
നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന കറുത്തമണ്ണ്.
പത്രത്താളുകളില്‍ക്കണ്ട പശ്ചിമാഫ്രിക്കയുടെ മുഖം
വിശപ്പുകൊണ്ട് മരിക്കാറായ കുഞ്ഞിനെ
വേദനവിങ്ങുന്ന മിഴിയോടെ നോക്കുന്ന
അസ്തിക്കൂടം പോലെ ഒരമ്മ.
വിശപ്പടക്കാന്‍ ഉറുമ്പുകള്‍ ശേഖരിച്ച അരിപോലും
അപഹരിക്കുന്ന മനുഷ്യര്‍.....
കാലികള്‍ ആര്‍ത്തിയോടെ കാര്‍ന്നുതിന്നുന്ന ഇലകള്‍
അരിഞ്ഞെടുത്ത് വിശപ്പടക്കുന്ന മറ്റുചിലര്‍.
എല്ലും തോലുമായ കാലികളെ
അവശേഷിക്കുന്ന മാംസത്തിനായി കശാപ്പുചെയ്യുന്നവര്‍
വികസിതരാഷ്ട്രങ്ങളുടെ സഹായപ്പട്ടികയില്‍
എന്തുകൊണ്ടോ ഇടം നഷ്ടപ്പെട്ട ഹതഭാഗ്യര്‍.
മത്സരിക്കുന്ന രണ്ടു ടീമുകള്‍ക്കിടയിലെ
പന്തിന്‍െറ നിസ്സഹായത ആരറിയാന്‍ ?...

2010, ജൂൺ 7, തിങ്കളാഴ്‌ച

പുസ്തകം



കെട്ടുപൊട്ടിച്ചിതറിപ്പോയ
താളുകളുടെ നിസ്സഹായതയിലാണെന്‍െറ
ജീവിതപുസ്തകം.
താളുകള്‍ പെറുക്കിക്കൂട്ടാന്‍
ശ്രമിക്കയാണു ഞാന്‍.
തലങ്ങും വിലങ്ങും
കിടന്നും പാറിയും
മുഷിഞ്ഞും കീറിയും
മങ്ങിയും തെളിഞ്ഞും
കാണപ്പെടുന്ന താളുകള്‍.
അടുക്കിവെക്കുന്തോറും
കുതറിതെറിക്കുന്ന താളുകള്‍.
അതിനിടയില്‍
കാത്തു നില്ക്കാത്ത ബസ്സുകളും
കൂകിവിളിച്ചോടിപ്പോയ തീവണ്ടികളും
എനിക്കുവേണ്ടി കാത്തു നില്ക്കാത്ത നിമിഷങ്ങളും.
ആദ്യമാദ്യം
പരിഭ്രമത്തോടെ
അമ്പരപ്പോടെ
ഞാന്‍ താളുകള്‍ വാരിക്കൂട്ടി.
പിന്നീട് ചലനവേഗം കുറഞ്ഞു.
നിമിഷ നദിയുടെ കുത്തൊഴുക്കില്‍
എന്‍െറ കാലിടറി.
കാലഘടികാരത്തിന്‍െറ സൂചിയില്‍
കാലുമുട്ടി മുറിഞ്ഞു.
എന്നിട്ടും
ഒരിക്കലും ഒതുക്കിത്തീരാത്ത,
തുന്നിച്ചേര്‍ക്കപ്പെടാത്ത താളുകള്‍
എനിക്കു മുന്നില്‍ വിളറിവെളുത്തുകിടന്നു.

2010, ഏപ്രിൽ 3, ശനിയാഴ്‌ച

പ്രായോഗിക മനശ്ശാസ്ത്രം


വലിഞ്ഞുമുറുകിയ മുഖപേശികളും,അസ്വസ്ഥമായ
ചലനങ്ങളുമായാണ് ഒരു കൂട്ടുകാരന്‍ എന്‍െറ
മുറിയിലേക്ക് വന്നത്.
എന്താ പ്രശ്നം ? ഞാന്‍ ചോദിച്ചു
അറിയില്ല....പ്രശ്നങ്ങള്‍ മാത്രമേയുള്ളു...ഈ
പ്രശ്നങ്ങള്‍ക്കില്‍ക്കിടന്ന് എനിക്ക് ഭ്രാന്തു
പിടിക്കുമെന്ന് തോന്നുന്നു....സുഹൃത്ത്
അക്ഷമനായി.
ഇരിക്കു.....ഞാന്‍ പറഞ്ഞു
എനിക്ക് ഇരിക്കാനൊന്നും സമയമില്ല..ഞാന്‍
എന്തു ചെയ്യണമെന്നു പറയൂ..
സുഹൃത്ത് അക്ഷമനായി.
ആദ്യമായി താങ്കള്‍ ചെയ്യേണ്ടത് സ്വസ്ഥമായി
അല്പം ഇരിക്കുക എന്നതാണ്.രണ്ടാമതായി
വലിഞ്ഞുമുറുകിയതെല്ലാം അയച്ചിടുക
മൂന്നാമതായി കണ്ണടച്ച് ദീര്‍ഘമായി ശ്വാസം
വലിച്ച് സാവകാശം പുറത്തു വിടുക. ശ്വാസം
പുറത്തു വിടുമ്പോള്‍ ശരീരവും മനസ്സും അയഞ്ഞതായി
സങ്കല്പിക്കുക.....ഞാന്‍ സാവകാശം പറഞ്ഞു
ശരി..
സുഹൃത്ത് പെട്ടെന്ന് ഇരുന്നു.അദ്ദേഹം കണ്ണട
ഊരിവെച്ചു.ഷര്‍ട്ടിന്‍െറ മുകളിലത്തെ ബട്ടനുകള്‍
വിടര്‍ത്തി.ഷൂസ് ഊരി മാറ്റി വെച്ചു.സാവകാശം
കസേരയിലേക്ക് ചാഞ്ഞിരുന്നു.
ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചുകൊണ്ട്
ദീര്‍ഘമായി ശ്വാസം വലിച്ചുവിട്ടു.
അദ്ദേഹത്തിന്‍െറ മുഖപേശികള്‍ അയഞ്ഞതും
മുഖത്തെ സംഘര്‍ത്തിന് അയവു വന്നതും
ഞാന്‍ ശ്രദ്ധിച്ചു.
ഇപ്പോള്‍ കുറച്ചാശ്വാസം തോന്നുന്നുണ്ട്...
അദ്ദേഹം പറഞ്ഞു.
ഇനി പറയൂ...എന്താണ് പ്രശ്നം? ഞാന്‍ ചോദിച്ചു.
ഒരു പ്രശ്നം മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു
ഒരു പാട് പ്രശ്നങ്ങളുണ്ട്..എല്ലാം കൂടിക്കുഴഞ്ഞ്
എന്താണെന്നു പോലും തിരിച്ചറിയാനാവുന്നില്ല.
ശരി .....ഞാന്‍ ചിരിച്ചു നമ്മുക്കൊന്ന് ശ്രമിച്ചുനോക്കാം
ഞാന്‍ ഒരു റ്റൈറ്റിങ്ങ്പാടില്‍ പേപ്പറും
പേനയും ്‍ സുഹൃത്തിനു നേരെ നീട്ടി.
എന്തിനാണിത്......? സുഹൃത്ത് ചോദിച്ചു
ഈ കടലാസില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം
നമ്പറിട്ട് എഴുതുക...ഒന്നും ബാക്കി വെക്കരുത്..
സുഹൃത്ത് എഴുത്തില്‍ മുഴുകി.
എഴുതി കഴിഞ്ഞപ്പോള്‍ സുഹൃത്ത് എഴുന്നേറ്റു.
അദ്ദേഹത്തിന്‍െറ മുഖത്ത് വിജയഭാവമുണ്ടായിരുന്നു.
ആകെ പതിനാല് പ്രശ്നങ്ങള്‍ എഴുതിയിരുന്നു
ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് പ്രശ്നങ്ങള്‍
വിശകലനം ചെയ്യാന്‍ തുടങ്ങി.രണ്ടു പ്രശ്നങ്ങളൊഴിച്ച്
മറ്റെല്ലാം ലളിതമാണെന്നും ദിവസങ്ങളോ,
ആഴ്ചകളോ ഏറിയാല്‍ മാസങ്ങളോ മാത്രമേ
പ്രശ്ന പരിഹാരത്തിന് ആവശ്യമുള്ളു എന്നും
ഞങ്ങള്‍ കണ്ടെത്തി.കെട്ടു പിടിച്ചു കിടന്ന
ഒരു കൂട്ടം നൂലുകള്‍ പോലെയായിരുന്നു അവ.
ഒടുവില്‍ അല്പം സങ്കീര്‍ണ്ണമായ രണ്ടു പ്രശ്നങ്ങളും
ഞങ്ങള്‍ വിശദമായി വിശകലനം ചെയ്തപ്പോള്‍
അവയും പല ഘടകങ്ങളായി മാറി.ഓരോ ഘടകവും
വീണ്ടും വിശകലന വിധേയമാക്കിയപ്പോള്‍
അവയും പരിഹരിക്കാവുന്നവയാണെന്ന് ഞങ്ങള്‍
കണ്ടെത്തി.
ഓ......ഇത്രയേ ഉള്ളോ....ഇതിനു വേണ്ടിയാണോ
ഞാന്‍ തലപുകച്ചത്......? സുഹൃത്ത് സ്വയം
ചോദിക്കുന്നതു കേട്ടപ്പോള്‍ എനിക്കു
സന്തോഷം തോന്നി.
പ്രശ്നങ്ങളും പരിഹാരങ്ങളുമെല്ലാം കണ്ടത്തിയത്
സുഹൃത്തു തന്നെയായിരുന്നു, ഞാന്‍ വെറുമൊരു
സഹായി മാത്രമായിരുന്നു.
ഒരാള്‍ക്കു വേണ്ടി മറ്റൊരാള്‍ പ്രശ്നപരിഹാരം
കാണുന്നത് ഭാവിയില്‍ ആശ്രയത്വത്തിന്
വഴിയെരുക്കുമെന്നതിനാല്‍ ആ വഴി പ്രശ്നപരി-
ഹാരത്തിന് ഉചിതമല്ല.
യാത്ര പറയുമ്പോള്‍ സുഹൃത്ത് ശാന്തനും
ഉല്ലാസവാനുമായിരുന്നു.
ഒരു വലിയ കണക്ക് കടലാസും പേനയുമില്ലാതെ
മനക്കണക്കായി ചെയ്യുമ്പോഴത്തെ വൈഷമ്യം
കണക്കുകളുടെ എണ്ണം കൂടുമ്പോള്‍ അധികരിക്കുന്നു
അതു പോലെ തന്നെയാണ് ജീവിത പ്രശ്നങ്ങളും.
പ്രശ്നങ്ങളെ കടലാസ്സില്‍ പകര്‍ത്തുന്നതിലൂടെ
നമ്മളില്‍ നിന്നും മാറ്റി നിര്‍ത്തി പല കോണുകളിലൂടെ
നോക്കി കാണാനും , പരിഹാരങ്ങള്‍ കണ്ടെത്താനും
എളുപ്പമായിത്തീരുന്നു.
പ്രശ്നങ്ങളില്ല്‍നിന്നും ഒളിച്ചോടുന്നതിലല്ല,
അവയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലാണ്
ഒരാളുടെ വിജയം.അക്കാര്യത്തില്‍ മറ്റുള്ളവരെ
സഹായിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.





2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

ബലിയിലേക്കുള്ള വഴിയില്‍


രിവരിയായ്
നിരനിരയായ്
പോകുകയായ് ബലിമൃഗങ്ങള്‍
ചാട്ടവാറുകള്‍ പുളയുന്നു
ചാട്ടുളിപോല്‍ പായുന്നു
കിനിയുന്നോ നിണമായി
നിന്‍ വേദന ബലിമൃഗമേ
നിന്‍ കരളിന്‍ കദനജലം
കാണുവാനായാരുണ്ട് ?
ബലിമൃഗമേ...ബലിമൃഗമേ..
മാപ്പുണ്ടോ ബലിമൃഗമേ..
പാടത്തും വഴികളിലും
വണ്ടികളും നുകവുമായി
ജീവിതമായ് നീയുരുകി
ഒടുവിലിതാ മരണമണി
ഇന്നു രാത്രി കാളരാത്രി
വേദനയായ്ത്തീര്‍ന്ന രാത്രി
ഇന്നിരുട്ടി വെളുക്കുമ്പോള്‍
നീ കാണും അറവുശാല
രക്തമണം നീയറിയും
നിന്‍ കണ്ണില്‍ ഭയം നിറയും
പിറകിലേറ്റ അടിയുമായി
പ്രാണനുമായ് നീയോടും
ചോകയൊഴുകും തറയിലയ്യോ
കാല്‍വഴുതി നീ വീഴും
പാഞ്ഞടക്കും കൂടംപോല്‍
മരണമാകും നിന്‍ കാലന്‍
നിന്‍ നെറുകയിലടിവീഴും
കണ്ണുകുട്ടി നീ പിടയും
നിന്‍ കഴുത്തിലാഴുന്നു
ക്രൂരതന്‍ വാള്‍ത്തലകള്‍
കഴുത്തറ്റു നീ പിടയും
നിന്‍ ചോര വാര്‍ന്നൊഴുകും
നിന്‍ കാലില്‍ കെട്ടിയാട്ടും
തൊലി കീറും മാനവന്മാര്‍
നിന്‍ മാംസം മുറിക്കുമ്പോള്‍
വില പേശിയവര്‍വില്‍ക്കും
നിന്‍ മാംസം കൊണ്ടത്രേ
നാളെയവര്‍ക്കത്താഴം
ബലിമൃഗമേ....ബലിമൃഗമേ
മെഴുതിരിയാം ബലിമൃഗമേ
ബലിമൃഗമേ....ബലിമൃഗമേ
നീ ത്യാഗി ബലിമൃഗമേ

2010, ഫെബ്രുവരി 28, ഞായറാഴ്‌ച

പാചകമൊഴിഞ്ഞു പോയ അടുക്കളകള്‍


തീപ്പുകയാത്ത അടുപ്പുകളുമായി
ഉടയവരുപേക്ഷിച്ചു പോയ അടുക്കളകള്‍
ഇല്ലനക്കരി പൊട്ടിയടരുന്ന
ഇരുള്‍മൂടിയ പാതിയമ്പുറങ്ങള്‍
ഗതകാല സ്മരണയിലെവിടെയോ
ഒരു നാലുകാതന്‍ ചരക്കിന്‍െറ ശബ്ദം
പുളി വിറകിന്‍െറ സ്നേഹതീഷ്ണത
അടുക്കള തുടിയുടെ ആര്‍ദ്രതാളം
കാറ്റില്‍ പടരുന്ന രുചിയുടെ ഗന്ധങ്ങള്‍
ഒരു അടുക്കള പാചകം സ്വപ്നം കാണുന്നു.

വസന്തം വരുന്നതും കാത്ത്



വസന്തത്തെ കാത്ത് കാത്ത്
ഇലകൊഴിഞ്ഞ മരങ്ങള്‍
സുഗന്ധത്തെത്തേടിത്തേടി
ഇതള്‍ കരിഞ്ഞപ്പൂവുകള്‍
കുയില്‍നാദം കാതോര്‍ത്ത് കാതോര്‍ത്ത്
കര്‍ണ്ണപുടങ്ങള്‍ തര്‍ളന്ന കാതുകള്‍
എന്നിട്ടും കാത്തിരിക്കുന്നു നീ
കോണ്‍ക്രീറ്റു വനത്തിലെ കടലാസ്സുപൂവുകള്‍ക്കും
ഇലക്ട്രോണിക്ക് സംഗീത യാന്ത്രികതക്കും
സുഗന്ധദ്രവ്യങ്ങളുടെ തീഷ്ണഗന്ധങ്ങള്‍ക്കും
ഇടയില്‍
പ്രതീക്ഷയോടെ
വസന്തത്തെ കാത്തിരിക്കയാണു നീ
തീര്‍ച്ചയായും വസന്തം വരികതന്നെ ചെയ്യും
കുയിലുകള്‍ കൂകിയുണര്‍ത്തിയോരുഷസ്സില്‍
പൂവുകളില്‍ പുഞ്ചിരി വിരിയിച്ചുകൊണ്ട്
നിന്‍െറ വസന്തം നിന്നെ തേടിയെത്തും
അതുവരെ മനസ്സിന്‍െറ വാതായനങ്ങള്‍
മലര്‍ക്കെ തുറന്നിട്ടു കാത്തിരിക്കുക

2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ഓര്‍മകളുടെ ജാലകം



ഈ ജാലകക്കാഴ്ച ഒരായിരം
ഓര്‍മകളെ തൊട്ടുണര്‍ത്തുന്നു
അനാട്ടമിയും ഫിസിയൊളജിയും
ജനിറ്റിക്സും കുത്തിനിറക്കപ്പെട്ട
ഒരു പാവം മനസ്സ്
കുതറിയോടാന്‍ ശ്രമിക്കാറുള്ളത്
ഈ ജാലകപ്പഴുതിലൂടെയാണ്
ജാലകത്തിനപ്പുറം
ഡിവിഡിവി മരത്തണലില്‍
നിഴലുറങ്ങുന്ന സിമന്‍്റു പടവുകള്‍
പടമവുകളാല്‍ ചുറ്റപ്പെട്ട പുല്‍മൈതാനം
മൈതാനത്തിനുമുകളില്‍
അനന്തമായ നീലാകാശം
ആകാശത്തിലലയുന്ന മേഘമാലകള്‍
ഇരുപത്തിയഞ്ചാമത്തെ ക്ലാസ്ഡേ
ആഘോഷിക്കാനെത്തിയവര്‍
അവരില്‍ ഒരുവനായി ഞാനും
ഓര്‍മ്മകളുടെ മഞ്ഞുപാളികള്‍ക്കിടയിലൂടെ തെളിയുന്ന
ബോപ്പാല്‍ ദുരന്തത്തിന്‍െറ നിഴല്‍ വീണ
എണ്‍പത്തിനാല് ഡിസംബര്‍ മൂന്നിലെ ഒരു തണുത്ത പ്രഭാതം
കാവി പുതച്ച, സമയബോധം നഷ്ടപ്പെട്ട
ക്ളോക്കില്ലാത്ത ക്ളോക് ടവറിനു മുന്‍പില്‍
എത്തപ്പെട്ട ഒരു നവാഗത വിദ്യാര്‍ത്ഥി
ചാണകഗന്ധമുള്ള ചെമ്മണ്‍വീഥിയിലൂടെ വന്നവന്‍
ഗ്രാമവിശുദ്ധിയില്‍ നിന്നും വഴിതെറ്റി വന്നവന്‍
പരിചയപ്പെടലിന്‍െറയും,റാഗിങ്ങിന്‍െറയും, രാഷ്ട്രീയ ക്യാന്‍വാസിങ്ങിന്‍െറയും
ആദ്യ ദിനങ്ങള്‍.
കോളേജ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ
സീനിയേഴ്സിന്‍െറ കൂക്കുവിളികള്‍ക്കും കമന്‍്റുകള്‍ക്കുമിടയില്‍
സ്വയം പരിചയപ്പടുത്താനായി പരതിയ വാക്കുകള്‍....
ഫോര്‍മലിന്‍ മണക്കുന്ന അനാട്ടമി ലാബും, പിപ്പറ്റില്‍നിന്നുനിറമിറ്റുന്ന
ഫിസിയോളജിയും.
തുളുന്വുന്ന നിറയാക്കുടങ്ങളുടെ കലന്വലുകള്‍
എലിയെ കൊല്ലാകൊല ചെയ്ത് തിന്നാതെ കളിപ്പിക്കുന്ന
പൂച്ചകളുടെ ലോകം
തകര്‍ന്നടിയുന്ന ഗുരു സങ്കല്പങ്ങള്‍
വിപ്ലവപ്രസ്ഥാനങ്ങളുടെ ഇരന്വുന്ന ആവേശങ്ങള്‍
പിന്നെയെപ്പോഴോ, ഏതോ നിദ്രക്കിടയില്‍
കൂട്ടം തെറ്റിപ്പിരിഞ്ഞ നാളുകള്‍
ഇരുണ്ട പകലുകളും കറുത്ത രാത്രികളും
ബന്ധനം വിധിക്കപ്പെട്ട നിമിഷങ്ങളുടെ നിസ്സംഗത
പരീക്ഷകളുടെ കുത്തൊഴുക്കില്‍ ഉറക്കം നഷ്ടപ്പെട്ട
രാത്രികളില്‍ ഇല്ലാത്ത നോട്ടുകള്‍ തേടിപ്പരതുന്വോള്‍
അനുവാദം കൂടാതെ കടന്നു വരാറുള്ള
കവിതകളുടെ തുണ്ടുകള്‍
മനസ്സിനുള്ളില്‍പ്പൂത്ത മുല്ലമലര്‍ക്കാവുകള്‍
ചായക്കൂടുകളുടെ സൗഹൃദം
വഴിതെറ്റിയവരുടെ അക്ഷരക്കൂട്ടുകെട്ടു്
ഓഡിറ്റോറിയത്തിലെ നിറമുള്ള നിമിഷങ്ങള്‍
ഒടുവില്‍
ക്ലിനിക്സിലെ ഔഷധക്കൂട്ടുകള്‍ക്കും
സര്‍ജറി ഹാളിലെ രക്തഗന്ധത്തിനും
വിട പറഞ്ഞ്
ബിരുദവുമായി സ്വാതന്ത്രൃത്തിന്‍െറ ലോകത്തേക്ക്
പിന്നീടു്
ഗ്രാമങ്ങള്‍,നഗരങ്ങള്‍,ജനപദങ്ങള്‍
ആശുപത്രികള്‍,ഓഫീസുകള്‍
മരുന്നുകള്‍,ഓപികള്‍,പീപ്പികള്‍
അനന്തമായ ജീവിത യാത്രകള്‍
ഇതിനിടയില്‍
പരിണാമ ചക്രത്തിന്‍െറ കൊഴിഞ്ഞുവീണ ഇതളുകള്‍
കാലം വീഴ്ത്തിയ വര്‍ഷങ്ങളുടെ അടയാളങ്ങള്‍
ക്ലാസ്മേറ്റ്സിന്‍െറ ഇരുപത്തിയഞ്ചാമത്തെ കൂടിച്ചേരല്‍
അകാലത്തില്‍ പൊലിഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി
ഉയരത്തിലേക്ക് പറന്നവര്‍ക്ക് വിജയാശംസകള്‍
വന്നുചേര്‍ന്നവര്‍ക്ക് സ്വാഗത വചനങ്ങള്‍
ഇരുപത്തിയഞ്ചു നക്ഷത്രവിളക്കുകള്‍ തിളങ്ങുന്ന
സൗഹൃദസന്ധ്യയില്‍
ഇനിയുമൊരു ആയിരം കൂടിക്കാഴ്ചകള്‍ക്കായി
ആശംസകള്‍ നേര്‍ന്നുകൊണ്ടു്
ആരോരുമറിയാതെ
പുറത്തിറങ്ങവേ
ആകാശം നിറയെ പൂത്ത നക്ഷത്രങ്ങള്‍......

2010, ജനുവരി 23, ശനിയാഴ്‌ച

പുതുവര്‍ഷക്കിനാവു്



പുതുവത്സരത്തിലെ പുലരി
പത്രത്താളുകള്‍ വിളറിവെളുത്തു കിടന്നു.
തിളങ്ങാത്ത മഞ്ഞുതുള്ളികള്‍
തെളിയാത്ത വെയില്‍ കാത്തു കിടന്നു.
മനസ്സു് ശൂന്യമായിരുന്നു
ഇതളുകള്‍ നഷ്ടപ്പെട്ട പൂവുകള്‍
ഇലകള്‍ നഷ്ടപ്പെട്ട മരങ്ങള്‍
ഈണം നഷ്ടപ്പെട്ട പാട്ടുകള്‍
ഇന്നലകളെ നഷ്ടപ്പെട്ട ഇന്നുകള്‍
ഹൃദയം നിശ്ചലമായിരുന്നു
അലയിളകാത്ത കടല്‍പ്പോലെ
മേഘങ്ങളില്ലാത്ത ആകാശം പോല
ശബ്ദങ്ങളില്ലാത്ത സംഗീതം പോലെ
നിശ്ശബ്ദം.....നിസ്സഹായം
പെട്ടെന്നു് കോളിങ്ങ്ബല്‍ മുഴങ്ങി
ഒരു റോസാപ്പൂവുമായി ഒരു കുഞ്ഞ്
ഹാപ്പീ ന്യൂഇയര്‍ അങ്കിള്‍.........
ഒരു വസന്തം റോസാപ്പുവുമായി കടന്നു വരുന്നു
.