2020, ഡിസംബർ 29, ചൊവ്വാഴ്ച

 


 കേൾക്കാത്ത വിലാപങ്ങൾ

 0000000000000000000000000

എരിയുന്ന വയറുമായ്

പൊരിയുന്ന വെയിലിൽ

ഭിക്ഷ യാചിക്കുന്നു

ഭക്ഷണം തേടുവോർ

 

വെറുതെ വിളമ്പി

കളയുന്നു ഭക്ഷണം

തണുത്ത മുറികളിൽ

പഞ്ചനക്ഷത്രങ്ങൾ

 

ഒരു കൊച്ചു റൊട്ടിക്കായ്

കടിപിടികൂടുന്നു

തെരുവിെൻറ മക്കളും

ഇരവിലെ നായ്ക്കളും

 

എവിടെയോ മറയുന്നു

സത്യവും ധർമ്മവും

വീമ്പുപറയുന്നു

സ്ഥാനവും മാനവും

 

ഒരു വറ്റു ചോറിലും

ഒരു കുമ്പിൾ നീരിലും

സ്നേഹം നിറക്ക നാം

കരുണ കാണിക്ക നാം

 

പട്ടിണിയില്ലാത്ത ലോകവും

ചൂഷണമില്ലാത്ത കാലവും

സ്വപ്നങ്ങളാകിലും

ശ്രമിക്കണമക്ഷീണം

 

 

 


കിളിയൊച്ചകൾ

00000000000000

ഒറ്റക്കിരുന്നു കരയും കിളികളെ

ഇറ്റുവീഴാത്ത കണ്ണീർക്കണങ്ങളെ

മായുന്നുവോ ദൂരെ മായികക്കാഴ്ചകൾ

കാണുന്നുവോ മുന്നിൽ മോഹമരീചിക

 

ബന്ധവും സ്വന്തവും ഒന്നുമില്ലാത്തൊരാ

ബന്ധന ജീവിത കാരാഗ്രഹങ്ങളിൽ

ഇത്തിരി സ്നേഹം കൊതിച്ചു പറക്കുന്നു

ഇയ്യാംപാറ്റയാകുന്ന ജീവിതം

അഗ്നിയിൽ ചിറകുകൾ കത്തിയെരിഞ്ഞിട്ടും

എന്നിട്ടുമെന്തിനോ തേടുന്നു  ജ്വാലകൾ

 

കിട്ടാത്ത സ്നേഹവും കാണാത്ത സ്വപ്നവും

ഒറ്റുകാരുടെ വലയിൽ കുരുങ്ങുന്നു

വേട െൻറ വലയിലകപ്പെട്ട കിളിയായി

മോചനം കാത്തുകഴിയുന്ന നാളുകൾ

മുറുകുന്ന വലകളും ഇറുകുന്ന കെണികളും

നിർദ്ദയലോകത്തിൻ കാനന നീതികൾ

കാലപെരുമ്പാമ്പിഴയും വഴികളിൽ

കൂരിരുൾമൂടിയ ഗുഹാന്തരങ്ങളിൽ

ഇത്തിരി വെട്ടം കൊളുത്തുക നന്മയാൽ

ഒത്തിരി വേഗം പുലരട്ടെ പുലരികൾ

 

കൃസ്തുമസ് രാത്രിയിൽ

 


കൃസ്തുമസ് രാത്രിയിൽ

00000000000000000000000

നഗരവീഥികളുറങ്ങുന്ന രാവിൽ

പഥികനായ് ഞാൻ പതിയെ നടക്കേ

മൂടിപ്പുതച്ചുറങ്ങുന്നു മക്കൾ

തെരുവിെൻറയോരത്ത് എല്ലാം മറന്ന്

കേട്ടുവോ ഞാനൊരു രോദനം കാതാൽ

അല്ല, അതൊരു കുഞ്ഞിൻ കരച്ചിൽ

മുലകുടിമാറാത്ത പിഞ്ചിളംപൈതൽ

കിടക്കുന്നു കുപ്പക്കൂനക്കരികിൽ

വെള്ളത്തുണിയിൽ പൊതിഞ്ഞൊരു ജീവൻ

കൈകാലടിച്ച് കരയുന്നു തനിയെ

അരികിലായ് നില്പുണ്ട് തെരുവിലെ നായ്ക്കൾ

പിഞ്ചുകുരുന്നിനു കാവലായ് ചുറ്റും

മണം പിടിച്ച് നോക്കി നില്ക്കുന്നു

കാണാത്ത കാഴ്ചകൾ കാണുന്നപോലെ

ഓടിയടത്തു വാരിയെടുക്കേ

ഇളം ചൂടു മാറിൽ പടരുന്നു മെല്ലെ

കൊച്ചിളം ചുണ്ടുകൾ പിളരുന്നു തനിയെ

പാലിനായ് നാവ് വരളുകയാവാം

ആശുപത്രിയിലേക്കോടുന്നു ഞാനും

ആമ്പുലൻസിനായ് കാത്തുനില്ക്കാതെ

ഉറക്കച്ചടവോടെ വാതിൽ തുറന്നു

പാറാവുകാരൻ പരിഭവത്തോടെ

കുഞ്ഞിനെ നഴ്സിനു കൈമാറും നേരം

അമ്മയെവിടെന്ന് ചോദ്യമെറിഞ്ഞു

ഞാനാണമ്മ ഞാനാണച്ഛനും

കൃസ്തുമസ് രാത്രിയുടെ സമ്മാനമാണിവൻ

കേട്ടു പകച്ചു നില്ക്കുന്നു നഴ്സും

എന്തുചെയ്യേണ്ടന്നറിയാതെ ഞാനും

കണ്ണു തുളുമ്പുന്നു മാലാഖപ്പെണ്ണിെൻറ

നെഞ്ചോടു ചേർത്തുകൊണ്ടോടുന്നു പിന്നെ

പാവം നഴ്സമ്മ നൊന്തു പ്രസവിച്ച

അഞ്ചുമക്കളും മരിച്ചെന്ന കാര്യം

മെല്ലെയെൻ കാതിലോതുന്നുണ്ടാരോ

കണ്ണു നിറയുന്നു കാഴ്ച മങ്ങുന്നെെൻറ

സന്തോഷമെന്നിൽ നിറയുന്നനേകം

എത്തേണ്ടകൈയ്യിൽ എത്തിച്ചതോർത്ത്

ഇറങ്ങു ഞാനാ കൃസ്തുമസ് രാവിൽ

ആകാശമാകെ ചിരിച്ചു നില്കുന്നു

വെണ്ണിലാചന്ദ്രിക സ്നേഹം കൊളുത്തി