2023, ഡിസംബർ 31, ഞായറാഴ്‌ച

വാകരങ്ങൾ പാടുമ്പോൾ


 

വാകമരങ്ങൾ പാടുമ്പോൾ

വരികയെന്നരികിൽ സഖേ

ശോണകമ്പളം വിരിക്കുന്നു

വാകപ്പൂക്കൾ വഴി നീളെ


ഇരിക്കാം നമ്മുക്കീ മരത്തണലിൽ

കൊറിക്കാം നമ്മുക്കോർമ്മക്കടലകൾ

പറക്കാം ഗഗന വീഥികളിൽ

ഭാവനതൻ വെൺച്ചിറകുകളാൽ


പട്ടിണി തിന്ന വീഥികളിൽ

കെട്ടിയുയർത്തി നാം സൌധങ്ങൾ

ആദർശത്തിൻ കല്ലുകൾ പാകി

പടുത്തുയർത്തിയ സ്വപ്നങ്ങൾ


ജാതിമതങ്ങൾ  വെണ്ണീറാക്കിയ

ഏകത്വത്തിൻ കുടിലുകളിൽ

കത്തിച്ചൂ നാം സ്നേഹമൊഴിച്ചൊരു

സാഹോദര്യ നെയ്ത്തിരികൾ


പട്ടിണിയില്ലാ ലോകത്തെ

അദ്ധ്വാനിക്കും കാലത്തെ

കാത്തിരിക്കും നേരത്ത്

വാകപ്പൂക്കൾ ആടുന്നു


കലാലയത്തിൻ കല്പടവിൽ

മൈതാനതത്തിൻ പുൽക്കുടിലിൽ

നഗരസായാഹ്ന വീഥികളിൽ

കണ്ടെത്തുന്നു നമ്മെത്തന്നെ


പൂക്കുമേതോ സൈഗതഭൂമിയിൽ

വറ്റിടാതത്തൊരു നദിയുടെ കരയിൽ

നോക്കി നിൽക്കെ കൊഴിയും മൂകമായ്

കാലവൃക്ഷ ദലപത്രങ്ങൾ










2021, ജൂലൈ 3, ശനിയാഴ്‌ച

സുഖശയനം


 പാടത്തിൻ  നടുവിലെ പച്ചപ്പിൽ 

മഴവെള്ളക്കെട്ടിൻെറ ശീതളിമയിൽ

സുഖശയനം നടത്തുന്ന 

നീയറിയുന്നുവോ

നിന്നെ കൊല്ലാനായി 

പിന്നെ തിന്നാനായി

വളർത്തുന്ന 

യജമാനൻെറ 

കച്ചവടമോഹങ്ങൾ 


2021, മേയ് 24, തിങ്കളാഴ്‌ച

 


 നഷ്ടങ്ങൾ

 

ംംംംംംംംംംംംംംംംംംംംംംംംം                  

 

( കോറോണ കവർന്നെടുത്തത് പുഞ്ചിരികളെയും         സ്നേഹസ്പർശനങ്ങളെയും

സഞ്ചാര സ്വാതന്ത്ര്യത്തേയും മാത്രമല്ല തിരിച്ചെടുക്കാനാകാത്ത സൌഹൃദങ്ങളെയുംകൂടിയാണ്.

സുഹൃത്തെ, നിന്നെക്കുറിച്ച് ഞാൻ എഴുതുവതെങ്ങിനെ.....

എഴുതാതിരിക്കുവതെങ്ങിനെ.....

നിഴൽപോലും കൂട്ടില്ലാത്ത ഇരുട്ടിെൻറ ഏകാന്തതയിലേക്ക് നീ

നടന്നുപോയപ്പോൾ യാത്ര ചൊല്ലുവാൻ പോലും എനിക്കു കഴിഞ്ഞില്ലല്ലോ.

സ്വന്തം മണ്ണിനെ എല്ലാറ്റിലുമുപരി സ്നേഹിച്ചിട്ടും ജോലി തേടി നിനക്ക്

കടൽ കടക്കേണ്ടി വന്നു. കൌമാരപ്രണയം സാക്ഷാൽക്കരിക്കാൻ മോഹിച്ചുകൊണ്ട് അവധിപോലും എടുക്കാതെ നിനക്ക് മരുഭൂമിയിൽ

വിയർപ്പൊഴുക്കേണ്ടിവന്നു .ഒടുവിൽ നിറഞ്ഞ സമ്പാദ്യവുമായി തിരിച്ചു വരാൻ തയ്യാറെടുക്കുമ്പോഴാണ്............)

        മഷിത്തണ്ടുചെടിയാൽ മാക്കട്ടെ ഞാനീ

        മനസ്സിെൻറ സ്ലേറ്റിലെഴുതിയ വരികൾ

        പാടം കടന്നെത്തും തണുപ്പുള്ള കാറ്റിൽ

        പാറിപ്പറക്കട്ടെ നിന്നോർമ്മന്ന വാനിൽ

 

        അകിലുപോൽ പുകയുന്നു നിന്നോർമ്മയെന്നിൽ

        പകലുപോൽ തെളിയുന്നു നിൻ ചിരി മുന്നിൽ

        നെല്ലിക്കപോലെ ചവർപ്പുള്ള വാക്കുകൾ

        മധുരിക്കുമോർമ്മയായ് മാറുന്ന വേളയിൽ

        പൂക്കുന്നു ചെമ്പകം നിൻ വീട്ടുതൊടികളിൽ

        മണക്കുന്നു കൈതോല തോട്ടിൻ കരകളിൽ

                                           

        ഓർക്കുന്നുവോ നീ ഓർമ്മയിൽ പൂത്തോരാ

        പൂമരം തേടിയലഞ്ഞൊരാ നാളുകൾ

        വഴുക്കുന്ന വരമ്പുകളിലോടി വീണു നാം

        നനഞ്ഞ തുണിയുമായ് പഠിക്കുവാൻ പോയതും

        വേലിക്കള്ളിയും തുണ്ടുപെൻസിലും വിറ്റു നാം

        നാരങ്ങാമിഠായി വാങ്ങി നുണഞ്ഞതും

        ഓർക്കുന്നു ഞാൻ നിൻ മൺകുടിൽ തിണ്ണയിൽ

        തായം കളിച്ചുകൊണ്ടിരുന്നൊരാ സന്ധ്യകൾ

        മൺകലത്തിൽ നിന്നു നിന്നമ്മ പകർന്നൊരാ

       പഴങ്കഞ്ഞിരുചിയുടെ എരിവുള്ള സ്വാദുകൾ

        മണ്ണിരകളെ ചൂണ്ടയിൽ കോർത്തു നീ

        ആമ്പൽക്കുളത്തിൽ മീൻ പിടിക്കുന്നതും

        കുളക്കോഴിയിട്ടൊരാ മുട്ടകൾ തേടി നാം

        തോട്ടുവരമ്പത്ത് പരതി നടന്നതും

        കൈതപ്പൂകൊണ്ടൊരു കളിപ്പാട്ടമുണ്ടാക്കി

        കൈതോലക്കാട്ടിൽ തോരണം തീർത്തതും

        ഓർമ്മകൾ മരിക്കാത്ത ഓർമ്മകളാണെല്ലാം

        നൊമ്പരമിറ്റുന്ന മരമഴച്ചില്ലകൾ

     

       പ്രവാസ ജീവിത മരുപ്പരപ്പിൽ

       മരുപ്പച്ച തേടി നീ പറന്നു പോകേ

       കണ്ണുനീർ ബാഷ്പങ്ങളൊരുക്കുന്നു മണ്ണിൽ

       കാണാമരീചിക നിറയുന്നു കണ്ണിൽ

 

      കാണുന്നു ഞാൻ ................

      നിൻ ശരീരത്തിൽ ചുറ്റിവരിഞ്ഞ കവചങ്ങൾ

      തണുത്തപ്പെട്ടിയിലെ അവസാനത്തെ വിശ്രമം

      മരുഭൂമിയിലെ വരണ്ട മണലിലെ കുഴിമാടം

      കത്തുന്ന സൂര്യനൊരുക്കിയ ചിത

 

      നേരുന്നു നിനക്കായ് ശാന്തിതീരങ്ങൾ

      അർപ്പിക്കുന്നെൻ സ്മൃതിപുഷ്പങ്ങൾ

      പെയ്യുന്നശ്രുവർഷകണളാലുദകം

      നിശ്വാസത്തിൻ ശാന്തിമന്ത്രത്തണൽ

 

ംംംംംംംംംംംംംംംംംംംംംംംംംംംംംംം

                     മേൽമുണ്ടയൂർ വാസുദേവൻ    

 

 

       

       

 

ജീവിതപുസ്തകം

 


ജീവിതപുസ്തകം

00000000000000000000000000000000000000000000000000000000000000000000000

ജീവിതപുസ്തകത്താളിൽ തുടങ്ങുന്നു

ജീവ െൻറ ആദ്യാക്ഷരത്തിൻ കരച്ചിൽ

താളുകൾ മെല്ലെ മറയുമ്പോളെഴുതുന്നു

ബാല്യത്തിൻ വർണ്ണങ്ങൾ ചാലിച്ച വികൃതികൾ

താളിലൊളിപ്പിച്ച മയിൽപ്പീലിക്കണ്ണുകൾ

എഴുതുന്നു കൌമാരകനവിെൻറ വാക്കുകൾ

ചുടുനിണം പതയുന്ന സിരയുമായ് പായുന്നു

യൌവ്വനാവേശത്തിൻ പുളകിത തൃഷ്ണകൾ

അസ്തമയങ്ങളടുക്കുന്ന വേളയിൽ മൂകമാകുന്നു

വാർദ്ധാക്യശോഷിത ഗ്രീഷ്മസന്ധ്യാക്ഷരം

ഒടുവിലിരുട്ടുമായ് അണയുന്ന സന്ധ്യയിൽ

അവസാന താളിലാലോ എരിയുന്നു ജീവിതം

 

ംംംംംംംംംംംംംംംംംംം

2020, ഡിസംബർ 29, ചൊവ്വാഴ്ച

 


 കേൾക്കാത്ത വിലാപങ്ങൾ

 0000000000000000000000000

എരിയുന്ന വയറുമായ്

പൊരിയുന്ന വെയിലിൽ

ഭിക്ഷ യാചിക്കുന്നു

ഭക്ഷണം തേടുവോർ

 

വെറുതെ വിളമ്പി

കളയുന്നു ഭക്ഷണം

തണുത്ത മുറികളിൽ

പഞ്ചനക്ഷത്രങ്ങൾ

 

ഒരു കൊച്ചു റൊട്ടിക്കായ്

കടിപിടികൂടുന്നു

തെരുവിെൻറ മക്കളും

ഇരവിലെ നായ്ക്കളും

 

എവിടെയോ മറയുന്നു

സത്യവും ധർമ്മവും

വീമ്പുപറയുന്നു

സ്ഥാനവും മാനവും

 

ഒരു വറ്റു ചോറിലും

ഒരു കുമ്പിൾ നീരിലും

സ്നേഹം നിറക്ക നാം

കരുണ കാണിക്ക നാം

 

പട്ടിണിയില്ലാത്ത ലോകവും

ചൂഷണമില്ലാത്ത കാലവും

സ്വപ്നങ്ങളാകിലും

ശ്രമിക്കണമക്ഷീണം

 

 

 


കിളിയൊച്ചകൾ

00000000000000

ഒറ്റക്കിരുന്നു കരയും കിളികളെ

ഇറ്റുവീഴാത്ത കണ്ണീർക്കണങ്ങളെ

മായുന്നുവോ ദൂരെ മായികക്കാഴ്ചകൾ

കാണുന്നുവോ മുന്നിൽ മോഹമരീചിക

 

ബന്ധവും സ്വന്തവും ഒന്നുമില്ലാത്തൊരാ

ബന്ധന ജീവിത കാരാഗ്രഹങ്ങളിൽ

ഇത്തിരി സ്നേഹം കൊതിച്ചു പറക്കുന്നു

ഇയ്യാംപാറ്റയാകുന്ന ജീവിതം

അഗ്നിയിൽ ചിറകുകൾ കത്തിയെരിഞ്ഞിട്ടും

എന്നിട്ടുമെന്തിനോ തേടുന്നു  ജ്വാലകൾ

 

കിട്ടാത്ത സ്നേഹവും കാണാത്ത സ്വപ്നവും

ഒറ്റുകാരുടെ വലയിൽ കുരുങ്ങുന്നു

വേട െൻറ വലയിലകപ്പെട്ട കിളിയായി

മോചനം കാത്തുകഴിയുന്ന നാളുകൾ

മുറുകുന്ന വലകളും ഇറുകുന്ന കെണികളും

നിർദ്ദയലോകത്തിൻ കാനന നീതികൾ

കാലപെരുമ്പാമ്പിഴയും വഴികളിൽ

കൂരിരുൾമൂടിയ ഗുഹാന്തരങ്ങളിൽ

ഇത്തിരി വെട്ടം കൊളുത്തുക നന്മയാൽ

ഒത്തിരി വേഗം പുലരട്ടെ പുലരികൾ

 

കൃസ്തുമസ് രാത്രിയിൽ

 


കൃസ്തുമസ് രാത്രിയിൽ

00000000000000000000000

നഗരവീഥികളുറങ്ങുന്ന രാവിൽ

പഥികനായ് ഞാൻ പതിയെ നടക്കേ

മൂടിപ്പുതച്ചുറങ്ങുന്നു മക്കൾ

തെരുവിെൻറയോരത്ത് എല്ലാം മറന്ന്

കേട്ടുവോ ഞാനൊരു രോദനം കാതാൽ

അല്ല, അതൊരു കുഞ്ഞിൻ കരച്ചിൽ

മുലകുടിമാറാത്ത പിഞ്ചിളംപൈതൽ

കിടക്കുന്നു കുപ്പക്കൂനക്കരികിൽ

വെള്ളത്തുണിയിൽ പൊതിഞ്ഞൊരു ജീവൻ

കൈകാലടിച്ച് കരയുന്നു തനിയെ

അരികിലായ് നില്പുണ്ട് തെരുവിലെ നായ്ക്കൾ

പിഞ്ചുകുരുന്നിനു കാവലായ് ചുറ്റും

മണം പിടിച്ച് നോക്കി നില്ക്കുന്നു

കാണാത്ത കാഴ്ചകൾ കാണുന്നപോലെ

ഓടിയടത്തു വാരിയെടുക്കേ

ഇളം ചൂടു മാറിൽ പടരുന്നു മെല്ലെ

കൊച്ചിളം ചുണ്ടുകൾ പിളരുന്നു തനിയെ

പാലിനായ് നാവ് വരളുകയാവാം

ആശുപത്രിയിലേക്കോടുന്നു ഞാനും

ആമ്പുലൻസിനായ് കാത്തുനില്ക്കാതെ

ഉറക്കച്ചടവോടെ വാതിൽ തുറന്നു

പാറാവുകാരൻ പരിഭവത്തോടെ

കുഞ്ഞിനെ നഴ്സിനു കൈമാറും നേരം

അമ്മയെവിടെന്ന് ചോദ്യമെറിഞ്ഞു

ഞാനാണമ്മ ഞാനാണച്ഛനും

കൃസ്തുമസ് രാത്രിയുടെ സമ്മാനമാണിവൻ

കേട്ടു പകച്ചു നില്ക്കുന്നു നഴ്സും

എന്തുചെയ്യേണ്ടന്നറിയാതെ ഞാനും

കണ്ണു തുളുമ്പുന്നു മാലാഖപ്പെണ്ണിെൻറ

നെഞ്ചോടു ചേർത്തുകൊണ്ടോടുന്നു പിന്നെ

പാവം നഴ്സമ്മ നൊന്തു പ്രസവിച്ച

അഞ്ചുമക്കളും മരിച്ചെന്ന കാര്യം

മെല്ലെയെൻ കാതിലോതുന്നുണ്ടാരോ

കണ്ണു നിറയുന്നു കാഴ്ച മങ്ങുന്നെെൻറ

സന്തോഷമെന്നിൽ നിറയുന്നനേകം

എത്തേണ്ടകൈയ്യിൽ എത്തിച്ചതോർത്ത്

ഇറങ്ങു ഞാനാ കൃസ്തുമസ് രാവിൽ

ആകാശമാകെ ചിരിച്ചു നില്കുന്നു

വെണ്ണിലാചന്ദ്രിക സ്നേഹം കൊളുത്തി