2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

നാലാമന്‍

കള്ളകര്‍ക്കിടകത്തിന്‍െറ
നനഞ്ഞിരുണ്ട നിഴല്‍.
എറാലില്‍ നിന്നിറ്റുന്ന കണ്ണുനീര്‍
മഴമഞ്ഞു പുതച്ച പച്ചപ്പുകള്‍.
തവളകളുടെ വിലാപസ്വരങ്ങള്‍.
തണുത്ത കാറ്റിന്‍െറ മരവിച്ച ആലിംഗനം.
മുളങ്കാടുകളുടെ സംഹാരനൃത്തങ്ങള്‍.
പുഴയില്‍ പുളയുന്ന വേദനകള്‍.
ഒരു മുറിയില്‍ മൗനം മൂടി മൂന്നുപേര്‍.
നാലാമനെവിടെ ?
ജീവിതത്തെക്കാളേറെ സ്വപ്നങ്ങളെ സ്നേഹിച്ചവന്‍.
കവിതകളും വര്‍ണ്ണങ്ങളും നെഞ്ചിലേറ്റിയവന്‍.
വിപ്ലവവും പ്രണയവും പങ്കുവെച്ചവന്‍.
ദുരിതങ്ങളുടെ തീരാച്ചുമടുമായി
കര്‍മബന്ധങ്ങളെ ചവിട്ടിമെതിച്ച്
പെരുമഴയിലേക്കിറങ്ങിപ്പോയവന്‍..
ചോരയിലും മഴയിലും നനഞ്ഞ റയില്‍പ്പാളം.
സമാന്തരങ്ങളുടെ വിദൂരായഥാര്‍ത്ഥസന്ധികള്‍.
ചിതറിയ പുസ്തകങ്ങളില്‍ വീണ മജ്ജയും മാംസവും.
ഒരു പൊതിച്ചോറിന്‍െറ തീരാത്ത അവശിഷ്ടം.
അക്ഷമയോടെ കാത്തിരിക്കുന്ന കാക്കകള്‍.
മഴയില്‍ കുതിര്‍ന്നു വീഴാറായ
പുല്ലുമേഞ്ഞ മണ്‍കുടില്‍.
മണ്ണെണ്ണ വിളക്കിന്‍െറ അരണ്ട നാളങ്ങള്‍.
മുറ്റത്തെ ചാണകം മെഴുകിയ ഇത്തിരി മണ്ണില്‍
കോടി പുതച്ചുറങ്ങുന്നവന്‍..
അടക്കിപ്പിടിച്ച വിലാപങ്ങള്‍.
ഭ്രാന്തമായി ഉഴറുന്ന കാറ്റ്.
ഇരുണ്ട ആകാശം പൊട്ടിയൊലിക്കുമ്പോള്‍
തണുക്കാതെ മണ്ണിലുറങ്ങുന്നവന്‍.
കര്‍ക്കിടകവാവിലെ കറുത്തചന്ദ്രന്‍.
ഒഴുകുന്ന പുഴയരികില്‍ മൂന്നുപേര്‍.
ഒരിലച്ചീന്തില്‍ രണ്ടുമണിയരിയും.
ഒരു റോസാപൂവും.
ഒരു പുസ്തകവും.
ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
കാണാമെന്ന കരാറില്‍ യാത്രപിരിയുമ്പോള്‍
തുളുമ്പാത്ത കണ്ണുനീരിന്‍െറ ഒടുങ്ങാത്ത കടച്ചില്‍.

7 അഭിപ്രായങ്ങൾ:

  1. .."കാണാമെന്ന കരാറില്‍ യാത്ര പറയുവാന്‍..."
    കവിത അവസാനത്തില്‍ നിന്ന് വീണ്ടും
    ആരംഭിക്കുന്നു.നന്നായി.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. "ഒരിലച്ചീന്തില്‍ രണ്ടുമണിയരിയും.
    ഒരു റോസാപൂവും.
    ഒരു പുസ്തകവും."
    കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല വരികള്‍-ഞാനും വിലപിച്ചു.

    മറുപടിഇല്ലാതാക്കൂ
  4. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
    കാണാമെന്ന കരാറില്‍ യാത്രപിരിയുമ്പോള്‍..

    ishtaayi

    മറുപടിഇല്ലാതാക്കൂ
  5. ' തുളുമ്പത്ത കണ്ണുനീരിന്‍റെ ഒടുങ്ങാത്ത കടച്ചില്‍  '.

    സങ്കടം മനസ്സില്‍ നിറയുന്നു.

    മറുപടിഇല്ലാതാക്കൂ