2010, ഏപ്രിൽ 3, ശനിയാഴ്‌ച

പ്രായോഗിക മനശ്ശാസ്ത്രം


വലിഞ്ഞുമുറുകിയ മുഖപേശികളും,അസ്വസ്ഥമായ
ചലനങ്ങളുമായാണ് ഒരു കൂട്ടുകാരന്‍ എന്‍െറ
മുറിയിലേക്ക് വന്നത്.
എന്താ പ്രശ്നം ? ഞാന്‍ ചോദിച്ചു
അറിയില്ല....പ്രശ്നങ്ങള്‍ മാത്രമേയുള്ളു...ഈ
പ്രശ്നങ്ങള്‍ക്കില്‍ക്കിടന്ന് എനിക്ക് ഭ്രാന്തു
പിടിക്കുമെന്ന് തോന്നുന്നു....സുഹൃത്ത്
അക്ഷമനായി.
ഇരിക്കു.....ഞാന്‍ പറഞ്ഞു
എനിക്ക് ഇരിക്കാനൊന്നും സമയമില്ല..ഞാന്‍
എന്തു ചെയ്യണമെന്നു പറയൂ..
സുഹൃത്ത് അക്ഷമനായി.
ആദ്യമായി താങ്കള്‍ ചെയ്യേണ്ടത് സ്വസ്ഥമായി
അല്പം ഇരിക്കുക എന്നതാണ്.രണ്ടാമതായി
വലിഞ്ഞുമുറുകിയതെല്ലാം അയച്ചിടുക
മൂന്നാമതായി കണ്ണടച്ച് ദീര്‍ഘമായി ശ്വാസം
വലിച്ച് സാവകാശം പുറത്തു വിടുക. ശ്വാസം
പുറത്തു വിടുമ്പോള്‍ ശരീരവും മനസ്സും അയഞ്ഞതായി
സങ്കല്പിക്കുക.....ഞാന്‍ സാവകാശം പറഞ്ഞു
ശരി..
സുഹൃത്ത് പെട്ടെന്ന് ഇരുന്നു.അദ്ദേഹം കണ്ണട
ഊരിവെച്ചു.ഷര്‍ട്ടിന്‍െറ മുകളിലത്തെ ബട്ടനുകള്‍
വിടര്‍ത്തി.ഷൂസ് ഊരി മാറ്റി വെച്ചു.സാവകാശം
കസേരയിലേക്ക് ചാഞ്ഞിരുന്നു.
ഞാന്‍ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചുകൊണ്ട്
ദീര്‍ഘമായി ശ്വാസം വലിച്ചുവിട്ടു.
അദ്ദേഹത്തിന്‍െറ മുഖപേശികള്‍ അയഞ്ഞതും
മുഖത്തെ സംഘര്‍ത്തിന് അയവു വന്നതും
ഞാന്‍ ശ്രദ്ധിച്ചു.
ഇപ്പോള്‍ കുറച്ചാശ്വാസം തോന്നുന്നുണ്ട്...
അദ്ദേഹം പറഞ്ഞു.
ഇനി പറയൂ...എന്താണ് പ്രശ്നം? ഞാന്‍ ചോദിച്ചു.
ഒരു പ്രശ്നം മാത്രമാണെങ്കില്‍ കുഴപ്പമില്ലായിരുന്നു
ഒരു പാട് പ്രശ്നങ്ങളുണ്ട്..എല്ലാം കൂടിക്കുഴഞ്ഞ്
എന്താണെന്നു പോലും തിരിച്ചറിയാനാവുന്നില്ല.
ശരി .....ഞാന്‍ ചിരിച്ചു നമ്മുക്കൊന്ന് ശ്രമിച്ചുനോക്കാം
ഞാന്‍ ഒരു റ്റൈറ്റിങ്ങ്പാടില്‍ പേപ്പറും
പേനയും ്‍ സുഹൃത്തിനു നേരെ നീട്ടി.
എന്തിനാണിത്......? സുഹൃത്ത് ചോദിച്ചു
ഈ കടലാസില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം
നമ്പറിട്ട് എഴുതുക...ഒന്നും ബാക്കി വെക്കരുത്..
സുഹൃത്ത് എഴുത്തില്‍ മുഴുകി.
എഴുതി കഴിഞ്ഞപ്പോള്‍ സുഹൃത്ത് എഴുന്നേറ്റു.
അദ്ദേഹത്തിന്‍െറ മുഖത്ത് വിജയഭാവമുണ്ടായിരുന്നു.
ആകെ പതിനാല് പ്രശ്നങ്ങള്‍ എഴുതിയിരുന്നു
ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് പ്രശ്നങ്ങള്‍
വിശകലനം ചെയ്യാന്‍ തുടങ്ങി.രണ്ടു പ്രശ്നങ്ങളൊഴിച്ച്
മറ്റെല്ലാം ലളിതമാണെന്നും ദിവസങ്ങളോ,
ആഴ്ചകളോ ഏറിയാല്‍ മാസങ്ങളോ മാത്രമേ
പ്രശ്ന പരിഹാരത്തിന് ആവശ്യമുള്ളു എന്നും
ഞങ്ങള്‍ കണ്ടെത്തി.കെട്ടു പിടിച്ചു കിടന്ന
ഒരു കൂട്ടം നൂലുകള്‍ പോലെയായിരുന്നു അവ.
ഒടുവില്‍ അല്പം സങ്കീര്‍ണ്ണമായ രണ്ടു പ്രശ്നങ്ങളും
ഞങ്ങള്‍ വിശദമായി വിശകലനം ചെയ്തപ്പോള്‍
അവയും പല ഘടകങ്ങളായി മാറി.ഓരോ ഘടകവും
വീണ്ടും വിശകലന വിധേയമാക്കിയപ്പോള്‍
അവയും പരിഹരിക്കാവുന്നവയാണെന്ന് ഞങ്ങള്‍
കണ്ടെത്തി.
ഓ......ഇത്രയേ ഉള്ളോ....ഇതിനു വേണ്ടിയാണോ
ഞാന്‍ തലപുകച്ചത്......? സുഹൃത്ത് സ്വയം
ചോദിക്കുന്നതു കേട്ടപ്പോള്‍ എനിക്കു
സന്തോഷം തോന്നി.
പ്രശ്നങ്ങളും പരിഹാരങ്ങളുമെല്ലാം കണ്ടത്തിയത്
സുഹൃത്തു തന്നെയായിരുന്നു, ഞാന്‍ വെറുമൊരു
സഹായി മാത്രമായിരുന്നു.
ഒരാള്‍ക്കു വേണ്ടി മറ്റൊരാള്‍ പ്രശ്നപരിഹാരം
കാണുന്നത് ഭാവിയില്‍ ആശ്രയത്വത്തിന്
വഴിയെരുക്കുമെന്നതിനാല്‍ ആ വഴി പ്രശ്നപരി-
ഹാരത്തിന് ഉചിതമല്ല.
യാത്ര പറയുമ്പോള്‍ സുഹൃത്ത് ശാന്തനും
ഉല്ലാസവാനുമായിരുന്നു.
ഒരു വലിയ കണക്ക് കടലാസും പേനയുമില്ലാതെ
മനക്കണക്കായി ചെയ്യുമ്പോഴത്തെ വൈഷമ്യം
കണക്കുകളുടെ എണ്ണം കൂടുമ്പോള്‍ അധികരിക്കുന്നു
അതു പോലെ തന്നെയാണ് ജീവിത പ്രശ്നങ്ങളും.
പ്രശ്നങ്ങളെ കടലാസ്സില്‍ പകര്‍ത്തുന്നതിലൂടെ
നമ്മളില്‍ നിന്നും മാറ്റി നിര്‍ത്തി പല കോണുകളിലൂടെ
നോക്കി കാണാനും , പരിഹാരങ്ങള്‍ കണ്ടെത്താനും
എളുപ്പമായിത്തീരുന്നു.
പ്രശ്നങ്ങളില്ല്‍നിന്നും ഒളിച്ചോടുന്നതിലല്ല,
അവയെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലാണ്
ഒരാളുടെ വിജയം.അക്കാര്യത്തില്‍ മറ്റുള്ളവരെ
സഹായിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്.





2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

ബലിയിലേക്കുള്ള വഴിയില്‍


രിവരിയായ്
നിരനിരയായ്
പോകുകയായ് ബലിമൃഗങ്ങള്‍
ചാട്ടവാറുകള്‍ പുളയുന്നു
ചാട്ടുളിപോല്‍ പായുന്നു
കിനിയുന്നോ നിണമായി
നിന്‍ വേദന ബലിമൃഗമേ
നിന്‍ കരളിന്‍ കദനജലം
കാണുവാനായാരുണ്ട് ?
ബലിമൃഗമേ...ബലിമൃഗമേ..
മാപ്പുണ്ടോ ബലിമൃഗമേ..
പാടത്തും വഴികളിലും
വണ്ടികളും നുകവുമായി
ജീവിതമായ് നീയുരുകി
ഒടുവിലിതാ മരണമണി
ഇന്നു രാത്രി കാളരാത്രി
വേദനയായ്ത്തീര്‍ന്ന രാത്രി
ഇന്നിരുട്ടി വെളുക്കുമ്പോള്‍
നീ കാണും അറവുശാല
രക്തമണം നീയറിയും
നിന്‍ കണ്ണില്‍ ഭയം നിറയും
പിറകിലേറ്റ അടിയുമായി
പ്രാണനുമായ് നീയോടും
ചോകയൊഴുകും തറയിലയ്യോ
കാല്‍വഴുതി നീ വീഴും
പാഞ്ഞടക്കും കൂടംപോല്‍
മരണമാകും നിന്‍ കാലന്‍
നിന്‍ നെറുകയിലടിവീഴും
കണ്ണുകുട്ടി നീ പിടയും
നിന്‍ കഴുത്തിലാഴുന്നു
ക്രൂരതന്‍ വാള്‍ത്തലകള്‍
കഴുത്തറ്റു നീ പിടയും
നിന്‍ ചോര വാര്‍ന്നൊഴുകും
നിന്‍ കാലില്‍ കെട്ടിയാട്ടും
തൊലി കീറും മാനവന്മാര്‍
നിന്‍ മാംസം മുറിക്കുമ്പോള്‍
വില പേശിയവര്‍വില്‍ക്കും
നിന്‍ മാംസം കൊണ്ടത്രേ
നാളെയവര്‍ക്കത്താഴം
ബലിമൃഗമേ....ബലിമൃഗമേ
മെഴുതിരിയാം ബലിമൃഗമേ
ബലിമൃഗമേ....ബലിമൃഗമേ
നീ ത്യാഗി ബലിമൃഗമേ