2010, ജൂൺ 7, തിങ്കളാഴ്‌ച

പുസ്തകം



കെട്ടുപൊട്ടിച്ചിതറിപ്പോയ
താളുകളുടെ നിസ്സഹായതയിലാണെന്‍െറ
ജീവിതപുസ്തകം.
താളുകള്‍ പെറുക്കിക്കൂട്ടാന്‍
ശ്രമിക്കയാണു ഞാന്‍.
തലങ്ങും വിലങ്ങും
കിടന്നും പാറിയും
മുഷിഞ്ഞും കീറിയും
മങ്ങിയും തെളിഞ്ഞും
കാണപ്പെടുന്ന താളുകള്‍.
അടുക്കിവെക്കുന്തോറും
കുതറിതെറിക്കുന്ന താളുകള്‍.
അതിനിടയില്‍
കാത്തു നില്ക്കാത്ത ബസ്സുകളും
കൂകിവിളിച്ചോടിപ്പോയ തീവണ്ടികളും
എനിക്കുവേണ്ടി കാത്തു നില്ക്കാത്ത നിമിഷങ്ങളും.
ആദ്യമാദ്യം
പരിഭ്രമത്തോടെ
അമ്പരപ്പോടെ
ഞാന്‍ താളുകള്‍ വാരിക്കൂട്ടി.
പിന്നീട് ചലനവേഗം കുറഞ്ഞു.
നിമിഷ നദിയുടെ കുത്തൊഴുക്കില്‍
എന്‍െറ കാലിടറി.
കാലഘടികാരത്തിന്‍െറ സൂചിയില്‍
കാലുമുട്ടി മുറിഞ്ഞു.
എന്നിട്ടും
ഒരിക്കലും ഒതുക്കിത്തീരാത്ത,
തുന്നിച്ചേര്‍ക്കപ്പെടാത്ത താളുകള്‍
എനിക്കു മുന്നില്‍ വിളറിവെളുത്തുകിടന്നു.

4 അഭിപ്രായങ്ങൾ:

  1. ഞാനും ഒരിക്കല്‍ ഒരുപാട് ശ്രമിച്ചതാണ്. ഇപ്പോഴും അതു തുടരുകയാണ്
    :-)

    മറുപടിഇല്ലാതാക്കൂ
  2. ജീവിത താളുകൾ
    ഭംഗിയായി അവതരിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  3. ലളിതവും,മനോഹരവുമായ കവിത.വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ