2023, ഡിസംബർ 31, ഞായറാഴ്‌ച

വാകരങ്ങൾ പാടുമ്പോൾ


 

വാകമരങ്ങൾ പാടുമ്പോൾ

വരികയെന്നരികിൽ സഖേ

ശോണകമ്പളം വിരിക്കുന്നു

വാകപ്പൂക്കൾ വഴി നീളെ


ഇരിക്കാം നമ്മുക്കീ മരത്തണലിൽ

കൊറിക്കാം നമ്മുക്കോർമ്മക്കടലകൾ

പറക്കാം ഗഗന വീഥികളിൽ

ഭാവനതൻ വെൺച്ചിറകുകളാൽ


പട്ടിണി തിന്ന വീഥികളിൽ

കെട്ടിയുയർത്തി നാം സൌധങ്ങൾ

ആദർശത്തിൻ കല്ലുകൾ പാകി

പടുത്തുയർത്തിയ സ്വപ്നങ്ങൾ


ജാതിമതങ്ങൾ  വെണ്ണീറാക്കിയ

ഏകത്വത്തിൻ കുടിലുകളിൽ

കത്തിച്ചൂ നാം സ്നേഹമൊഴിച്ചൊരു

സാഹോദര്യ നെയ്ത്തിരികൾ


പട്ടിണിയില്ലാ ലോകത്തെ

അദ്ധ്വാനിക്കും കാലത്തെ

കാത്തിരിക്കും നേരത്ത്

വാകപ്പൂക്കൾ ആടുന്നു


കലാലയത്തിൻ കല്പടവിൽ

മൈതാനതത്തിൻ പുൽക്കുടിലിൽ

നഗരസായാഹ്ന വീഥികളിൽ

കണ്ടെത്തുന്നു നമ്മെത്തന്നെ


പൂക്കുമേതോ സൈഗതഭൂമിയിൽ

വറ്റിടാതത്തൊരു നദിയുടെ കരയിൽ

നോക്കി നിൽക്കെ കൊഴിയും മൂകമായ്

കാലവൃക്ഷ ദലപത്രങ്ങൾ