2009, ഡിസംബർ 19, ശനിയാഴ്‌ച

കര്‍ഷകന്‍െറ കണ്ണുനീര്‍


വെണ്ടക്ക വേണോ നാട്ടാരേ
കണ്ണിരുകൊണ്ട് നനച്ചതാണേ
വഴുതനയുണ്ടേ നാട്ടാരേ
സ്വപ്നങ്ങള്‍ വളമിട്ട് നട്ടതാണേ
കുമ്പളമുണ്ടേ നാട്ടാരേ
കുമ്പിളില്‍ കഞ്ഞികുടിക്കണ്ടേ
കൈപ്പക്ക വേണോ നാട്ടാരേ
കയ്ക്കുന്ന ജീവിതപ്പന്തലിലെ
പടവലമുണ്ടേ നാട്ടാരേ
പാടുപെട്ട് വളര്‍ത്തിയത്
ചീരയുണ്ടേ നാട്ടാരേ
ചിതലെടുക്കാറായ് വീടെല്ലാം
കൊടമ്പുളി വേണ്ടേ നാട്ടാരേ
കെട്ടിക്കാന്‍ നാലാള് വീട്ടിലുണ്ടേ
ചേന വേണോ നാട്ടാരേ
കടക്കാരിന്നു വരുന്നുണ്ടേ
നട്ടുനനയ്ക്കാന്‍ സഹായമുണ്ടേ
വിത്തും വളവും വെറുതെയുണ്ടേ
കായ വിളഞ്ഞ് പഴുത്തിട്ടും
വാങ്ങിക്കാനാരാരും വന്നതില്ല
കടകളില്‍ പോയി കാത്തു നിന്നു
കടക്കാരാണേല്‍ കണ്ടതില്ല
കെഞ്ചിക്കരഞ്ഞു പറഞ്ഞപ്പോള്‍
പാതിവിലപോലും തന്നതില്ല
ഞങ്ങള്‍ വിയര്‍പ്പാല്‍ വിളയിച്ചത്
പത്തിരട്ടിക്ക് വില്‍ക്കുമവര്‍
ഞങ്ങ ചോദിച്ചാല്‍ വിലതരില്ല
വേണേങ്കിത്തന്നട്ട് പോകാന്‍ മൊഴി
ആരോടു ചൊല്ലേണ്ടു നാട്ടാരേ
ആരുണ്ടു ഞങ്ങളെ രക്ഷിക്കാന്‍
പുകയാത്തടുപ്പും എരിയുന്ന വയറുമായ്
എത്രനാളിങ്ങനെ നാട്ടാരേ
വെണ്ടക്ക വേണോ നാട്ടാരേ............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ