2009, ഡിസംബർ 19, ശനിയാഴ്‌ച

ബന്ധനം



എരിയുന്നൂ വേനല്‍ വീണ്ടും

കരിയുന്നു തളിരുകള്‍

പൊരിയുന്നു മലര്‍ പോലെ

സ്വപ്നങ്ങള്‍ വറചട്ടിയില്‍

വേനലിനെക്കുറിച്ച് പാടുന്നകൂട്ടുകാരന്‍ നിശബ്ദനാകുന്നു

ഇരുട്ടില്‍ ഘടികാരത്തിന്‍െറ മിടിപ്പുമാത്രം

ദൂരെയാരോ മദ്യപിച്ച് കൂകിവിളിക്കുന്നു

നട്ടപാതിരക്കൊരു കോഴികൂകുന്നു

വരണ്ടൊരീയാകാശത്ത്

തെളിയാത്ത വിളക്കുമായ്

കാത്തിരിക്കുന്നതാരേ നീ

വിടപറഞ്ഞ കിനാക്കളെ

ജീവരക്തധമനി മുറിച്ചകൂട്ടുകാരന്‍

ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച അയല്‍ക്കാരന്‍

ചിലങ്കയുപേക്ഷിച്ച നര്‍ത്തകി

ക്യാന്‍വാസില്‍ രക്തം കണ്ട് ഭയന്ന ചിത്രകാരന്‍

എവിടെയാണഭയമെവിടെയാണാശ്രയം

എവിടെയാണാകാണാക്കിനാവുകള്‍

എവിടെയെവിടെയെന്‍ പൂമരം

പത്രങ്ങളില്‍ ദുരന്തവാര്‍ത്തകള്‍ നിറഞ്ഞൊഴുകുന്നു

ടീവിചാനലുകള്‍ ദുരന്തം കാണിക്കാന്‍ മത്സരിക്കുന്നു

ഒഴുകാത്ത ജലം പോലെ തണുത്തുപോയ മനസ്സുകള്‍

വെള്ളത്തില്‍ ഒഴുകാനാകാതെ ഒരു ജഢം പൊങ്ങിക്കിടക്കുന്നു

കാതുകളടക്ക നീ കണ്ണുമടച്ചേക്കുക

വായ മൂടിക്കെട്ടി മൂകതയിലലിയുക

കൈകള്‍ക്കു ചലനം വേണ്ട

കാലുകള്‍ നടക്കേണ്ട

ബന്ധനം സുഖം പാരില്‍

മനസ്സുമടച്ചേക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ