2009, ഡിസംബർ 19, ശനിയാഴ്‌ച

കര്‍ഷകന്‍െറ കണ്ണുനീര്‍


വെണ്ടക്ക വേണോ നാട്ടാരേ
കണ്ണിരുകൊണ്ട് നനച്ചതാണേ
വഴുതനയുണ്ടേ നാട്ടാരേ
സ്വപ്നങ്ങള്‍ വളമിട്ട് നട്ടതാണേ
കുമ്പളമുണ്ടേ നാട്ടാരേ
കുമ്പിളില്‍ കഞ്ഞികുടിക്കണ്ടേ
കൈപ്പക്ക വേണോ നാട്ടാരേ
കയ്ക്കുന്ന ജീവിതപ്പന്തലിലെ
പടവലമുണ്ടേ നാട്ടാരേ
പാടുപെട്ട് വളര്‍ത്തിയത്
ചീരയുണ്ടേ നാട്ടാരേ
ചിതലെടുക്കാറായ് വീടെല്ലാം
കൊടമ്പുളി വേണ്ടേ നാട്ടാരേ
കെട്ടിക്കാന്‍ നാലാള് വീട്ടിലുണ്ടേ
ചേന വേണോ നാട്ടാരേ
കടക്കാരിന്നു വരുന്നുണ്ടേ
നട്ടുനനയ്ക്കാന്‍ സഹായമുണ്ടേ
വിത്തും വളവും വെറുതെയുണ്ടേ
കായ വിളഞ്ഞ് പഴുത്തിട്ടും
വാങ്ങിക്കാനാരാരും വന്നതില്ല
കടകളില്‍ പോയി കാത്തു നിന്നു
കടക്കാരാണേല്‍ കണ്ടതില്ല
കെഞ്ചിക്കരഞ്ഞു പറഞ്ഞപ്പോള്‍
പാതിവിലപോലും തന്നതില്ല
ഞങ്ങള്‍ വിയര്‍പ്പാല്‍ വിളയിച്ചത്
പത്തിരട്ടിക്ക് വില്‍ക്കുമവര്‍
ഞങ്ങ ചോദിച്ചാല്‍ വിലതരില്ല
വേണേങ്കിത്തന്നട്ട് പോകാന്‍ മൊഴി
ആരോടു ചൊല്ലേണ്ടു നാട്ടാരേ
ആരുണ്ടു ഞങ്ങളെ രക്ഷിക്കാന്‍
പുകയാത്തടുപ്പും എരിയുന്ന വയറുമായ്
എത്രനാളിങ്ങനെ നാട്ടാരേ
വെണ്ടക്ക വേണോ നാട്ടാരേ............

ബന്ധനം



എരിയുന്നൂ വേനല്‍ വീണ്ടും

കരിയുന്നു തളിരുകള്‍

പൊരിയുന്നു മലര്‍ പോലെ

സ്വപ്നങ്ങള്‍ വറചട്ടിയില്‍

വേനലിനെക്കുറിച്ച് പാടുന്നകൂട്ടുകാരന്‍ നിശബ്ദനാകുന്നു

ഇരുട്ടില്‍ ഘടികാരത്തിന്‍െറ മിടിപ്പുമാത്രം

ദൂരെയാരോ മദ്യപിച്ച് കൂകിവിളിക്കുന്നു

നട്ടപാതിരക്കൊരു കോഴികൂകുന്നു

വരണ്ടൊരീയാകാശത്ത്

തെളിയാത്ത വിളക്കുമായ്

കാത്തിരിക്കുന്നതാരേ നീ

വിടപറഞ്ഞ കിനാക്കളെ

ജീവരക്തധമനി മുറിച്ചകൂട്ടുകാരന്‍

ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച അയല്‍ക്കാരന്‍

ചിലങ്കയുപേക്ഷിച്ച നര്‍ത്തകി

ക്യാന്‍വാസില്‍ രക്തം കണ്ട് ഭയന്ന ചിത്രകാരന്‍

എവിടെയാണഭയമെവിടെയാണാശ്രയം

എവിടെയാണാകാണാക്കിനാവുകള്‍

എവിടെയെവിടെയെന്‍ പൂമരം

പത്രങ്ങളില്‍ ദുരന്തവാര്‍ത്തകള്‍ നിറഞ്ഞൊഴുകുന്നു

ടീവിചാനലുകള്‍ ദുരന്തം കാണിക്കാന്‍ മത്സരിക്കുന്നു

ഒഴുകാത്ത ജലം പോലെ തണുത്തുപോയ മനസ്സുകള്‍

വെള്ളത്തില്‍ ഒഴുകാനാകാതെ ഒരു ജഢം പൊങ്ങിക്കിടക്കുന്നു

കാതുകളടക്ക നീ കണ്ണുമടച്ചേക്കുക

വായ മൂടിക്കെട്ടി മൂകതയിലലിയുക

കൈകള്‍ക്കു ചലനം വേണ്ട

കാലുകള്‍ നടക്കേണ്ട

ബന്ധനം സുഖം പാരില്‍

മനസ്സുമടച്ചേക്കുക

2009, ഡിസംബർ 15, ചൊവ്വാഴ്ച

വിശക്കുന്ന കുഞ്ഞിനോടുള്ള ഉപദേശങ്ങള്‍



വിശക്കുന്ന കുഞ്ഞേ
കരയല്ലെ കണ്ണേ
വിഷക്കായതിന്നു
മരിച്ചുനിന്നമ്മ
വരുന്നുണ്ട് പിന്‍പെ
സഹായഹസ്തങ്ങള്‍
കൂപ്പുകൈ കാണിച്ച്
കണ്ണീരുവീഴ്ത്തി
വെറുംവാക്കുചൊല്ലി
പിരിയുന്നു പിന്നെ
നിന്നെയെടുക്കാന്‍
കരങ്ങളില്ലല്ലോ
നിന്നെ പുലര്‍ത്താന്‍
അച്ഛനില്ലല്ലോ
നിന്‍പേരുചേര്‍ക്കാന്‍
മടിച്ചുനിന്നമ്മ
പള്ളികൂടത്തിനു
മുന്‍പിലിരിക്കേ
അച്ഛന്‍െറ കോളം
ഒഴിച്ചിട്ടുനിന്നെ
ചേര്‍ക്കുവാനാകാതെ
കുമ്പിട്ടു നിന്നു
നിനക്കുണ്ടു അച്ഛന്‍
വിതുമ്പാതേ കുഞ്ഞേ
ലോകപിതാവു്
നിന്നച്ഛന്‍ പൊന്നേ
അച്ഛനില്ലാതെ
ജനിക്കില്ലയാരും
അമ്മയില്ലാതെ
പ്രസവമില്ലല്ലോ
ടെസ്ററൂ്ബുകള്‍ ഇന്ന്
ഗര്‍ഭം ധരിക്കുന്നു
ഭ്രൂണത്തെ പേറാന്‍
വാടക അമ്മമാര്‍
അച്ഛനെ വേണ്ട
മക്കള്‍ മതിയെന്ന്
അമ്മ പറയുന്ന
കാലം എന്‍പൊന്നേ
ഏതോ മഹാന്‍െറ
മകനാണിവനനെന്ന്
അമ്മ പറയുന്ന
കാലം മകനെ
നിനക്കുണ്ട് അമ്മ
കരയാതെ പൊന്നേ
ഭൂമിയാം മാതാവ്
നിന്‍െറ മാതാവ്
രക്തബന്ധങ്ങള്‍
എത്ര ശിഥിലം
എത്രമേല്‍ നശ്വരം
അത്രമേല്‍ ബാലിശം
ശാശ്വതമൊന്നുണ്ട്
ജീവചൈതന്യം
ചൈതന്യം പേറുന്ന
പാത്രം ശരീരം
നിന്നിലുമെന്നിലും
നിന്‍മാതാവിലുമെല്ലാം
ഒന്നാണ് മോനെ
ജീവചൈതന്യം
ജീവചൈതന്യം
നിറഞ്ഞൊരീ ലോകം
പരമാത്മ ചൈതന്യ-
മാണീപ്രപഞ്ചം
ചൈതന്യവാഹിയാം
കാലപ്രവാഹം
വെറുമൊരു ബിന്ദു
നീയും മകനേ
പാടിയുണര്‍ത്തുക
നിന്നിലെ നിന്നെ
ചൈതന്യമാകുക
നീയുമെന്‍ കുഞ്ഞേ
പിന്നെ നിനക്ക് വിശക്കില്ല
ദാഹവും
ഞാനെന്ന ഭാവം
വിട്ടൊഴിയുമ്പോള്‍
നശ്വര ശരീര
പ്രേമമാണല്ലോ
സമ്പത്തും കാമവും
മോഹവും,ഭംഗവും
എല്ലാം ത്യജിക്ക
നിന്‍ കര്‍മ്മപഥങ്ങള്‍
നിന്നെ വിളിക്കുന്നു
പോകുക കുഞ്ഞേ



2009, ഡിസംബർ 12, ശനിയാഴ്‌ച

ചെന്നിനായകം


ബാലന്‍മാഷിന്‍െറമലയാളംക്ലാസ്സുകേള്‍ക്കാന്‍
കാതുകൂര്‍പ്പിച്ചിരിക്കയാണ്കുട്ടികള്‍
സ്നേഹം മധുരമുള്ളതാണ്,അമ്മയുടെ
മുലപ്പാല്‍പ്പോലെ മധുരമുള്ളത്...
സ്നേഹത്തെക്കുറിച്ചു പറയുമ്പോള്‍
ബാലന്‍മാഷിന് ആയിരം നാവാണ്.
ചിലപ്പോള്‍ മാഷിന്‍െറ കണ്ണുനിറയും
മറ്റുചിലപ്പോള്‍ തൊണ്ടയിടറും.
സര്‍....ഒരു സംശയം..എന്‍െറ അമ്മയുടെ
മുലപ്പാലിന് കയ്പ്പായിരുന്നു സര്‍...
അതെന്താണ് ?
പിന്‍ബഞ്ചില്‍ സദാ വിഷാദം തുളുമ്പുന്ന
കണ്ണുമായി ഇരിക്കാറുള്ള സഞ്ചിതയുടെ
ചോദ്യം കേട്ട് ക്ലാസ്സില്‍ കൂട്ടച്ചിരി
ഉയര്‍ന്നു.അപരാധിനിയെപ്പോലെ
തലതാഴ്ത്തിയരിക്കയാണവള്‍.
നെഞ്ചിലേക്ക് എന്തോ തുളച്ചുകയറുന്നതു
പോലെ മാഷിനു തോന്നി.
ഒരു കുഞ്ഞിന്‍െറ നിഷ്കളങ്കമായ
ചോദ്യമാണ്...കയ്പുള്ള മുലപ്പാല്‍..
സാരമില്ല,ചിലപ്പോള്‍ അങ്ങിനെയൊക്കെ
അപൂര്‍വ്വമായി ഉണ്ടാകാം..ക്ലാസ്സുകഴിഞ്ഞ്
സഞ്ചിത എന്നെ കാണാന്‍ വരണം
...
മാഷു് ക്ലാസ്സു തുടര്‍ന്നു.പക്ഷ ബാലന്‍
മാഷിന് ശരിക്ക് പഠിപ്പിക്കാന്‍ കഴിഞ്ഞില്ല.
വലിയവീട്ടിലെ കുട്ടിയാണ് സഞ്ചിത.
സ്വന്തം കാറില്‍ വരുന്ന കുട്ടി.
ഉച്ചക്ക് ഊണുമായി വരുന്ന വേലക്കാരന്‍.
കുട്ടികളെ എങ്ങിനെ വളര്‍തത്താം എന്ന
പുസ്തകമെഴുതിയ സാമൂഹ്യപ്രവര്‍ത്തകയായ
അമ്മ.വലിയ ബിസ്സിനസ്സുകാരനായ അച്ഛന്‍.
ക്ലാസ്സുകഴിഞ്ഞ് സ്ററാഫ് റുമില്‍ ഇരിക്കുമ്പോള്‍
സഞ്ചിത കടന്നുവന്നു.അവളുടെ കണ്ണുകള്‍
കരഞ്ഞുകലങ്ങിയിരുന്നു.
ഞാന്‍ പറഞ്ഞത് സത്യമാണു സര്‍....കൂട്ടുകാര്‍
എന്നെ കളിയാക്കുന്നു....അവള്‍ വിതുമ്പി
സാരമില്ല....സാരമില്ല...കുട്ടിയുടെ അമ്മയ്ക്ക്
മുലയൂട്ടാന്‍ സമയമുണ്ടായിട്ടുണ്ടാവില്ല.....
അതുകൊണ്ടാവാം അവര്‍.......
ബാലന്‍മാഷിന് അതു പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞില്ല.ചെന്നിനായകം പുരട്ടിയ മുലയില്‍
നിന്നൂറുന്ന മുലപ്പാലിന്‍െറ കയ്പ്പ് മാഷ്
അനുഭവിച്ചിട്ടില്ല. അനാഥനായിട്ടുകൂടി
പോററമ്മയുടെ മുലപ്പാലിന്‍െറ മധുരവും
സ്നേഹോഷ്മളതയും അനുഭവിച്ചവനാണ്
മാഷ്.
കുട്ടിയെ അമ്മ സ്നേഹിക്കുന്നുണ്ടല്ലോ.
അതു മതി....മാഷ് സമാധാനിപ്പിക്കാന്‍ നോക്കി.
....സര്‍.....എന്താണ് സ്നേഹം?അവളുടെ
ആ ചോദ്യം കേട്ട് മാഷ് സ്തംഭിച്ചുപോയി.
എന്താണ് ഈ കുട്ടിയോട് മറുപടി
പറയുക ? മാഷ് ആലോചിച്ചു
എന്താണ് സ്നേഹത്തിന്‍െറ നിര്‍വചനം ?
കുട്ടിക്കാലം മുതല്‍ വേലക്കാരിയുടെ
അടുത്താണ് സഞ്ചിത കിടന്നത്
പാചകക്കാരനാണ് ഭക്ഷണം നല്‍കിയത്
തോട്ടക്കാരനാണ് കളിപ്പാട്ടങ്ങള്‍ നല്‍കിയത്.
തിരക്കിട്ട് ഓടിനടക്കുന്ന അമ്മ.
കുടിച്ച്ബോധമില്ലാതെ വരുന്ന അച്ഛന്‍
അമ്മയുടെ അപൂര്‍മായി വീണുകിട്ടുന്ന ചിരിയോ
അച്ഛന്‍ തരാറുള്ള കളിപ്പാട്ടങ്ങളോ എന്താണ്
സ്നേഹമെന്ന് അവള്‍ ചോദിച്ചപ്പോള്‍
മാഷുടെ കണ്ണുനിറഞ്ഞുപോയി.
മാഷ് അവളെ സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തി
തലയില്‍ തലോടി.
സ്നേഹം പറഞ്ഞറിയിക്കാനാവില്ല....കുട്ടീ....
അനുഭവിക്കാനേ കഴിയൂ......മാഷ് ഇങ്ങിനെ
പറഞ്ഞപ്പോള്‍ സഞ്ചിതയുടെ കണ്ണുകള്‍
നിറഞ്ഞു തുളുമ്പുന്നത് മാഷ് കണ്ടു.



2009, ഡിസംബർ 10, വ്യാഴാഴ്‌ച

കടലോരത്തു കണ്ട ഒരാള്‍



ര്‍ദ്രമായ കടല്‍ത്തീരം
അലയടിക്കുന്ന തിരമാലകള്‍
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്
ആകാശമൗനം പുതച്ച്
അവധൂതനെപ്പോലെ ഒരാള്‍
പ്രകാശരഹിതമായ കണ്ണുകള്‍
വരണ്ടുണങ്ങിയ കണ്ടം പോലെ ചുണ്ടുകള്‍
കുറ്റിക്കാടുകള്‍പ്പോലെ താടിരോമങ്ങള്‍
കാട്ടുവള്ളിപടര്‍പ്പുപോലെന മുടിയിഴകള്‍
അയഞ്ഞകുപ്പായത്തില്‍ കീറലുകള്‍
ചളിയുടെ മായാത്ത വ്രത്തങ്ങള്‍
ആരാണിയാള്‍ ?
ഓര്‍മ്മയുടെ പുസ്തകത്തിലെ കരിച്ചിത്രങ്ങള്‍
ബാല്യം കണ്ട അവ്യക്തമുഖങ്ങള്‍
കൗമാരം കണ്ട കുസ്രതിനോട്ടങ്ങള്‍
യൗവ്വനം തിരഞ്ഞ പച്ചപ്പുകള്‍
മധ്യവയസ്സിലെ നിസ്സംഗദ്രഷ്ടികള്‍
എവിടെയോപതിഞ്ഞുപോയോരുചിത്രം
പുറത്തെടുക്കാനാകാതെ
ഓര്‍ത്തെടുക്കാനാകാതെ
പുകയുന്ന ചിന്തയുടെ ചിത

പെട്ടെന്ന്.....
പ്രീഡിഗ്രീ ക്ലാസുമുറിയിലേക്ക് കടന്നുവന്നയാള്‍
തടിച്ചപുസ്തകങ്ങളും കത്തുന്നമിഴികളും
പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍
അറിവിന്‍െറ അണമുറിയാപ്രവാഹങ്ങള്‍
സര്‍..........
ഓടിയടുത്തിട്ടും ഇമയനങ്ങാത്തമിഴികള്‍
ഉയര്‍ത്തപ്പെടാത്ത നോട്ടം
നീളുന്ന കൈകളില്‍ കെട്ടുപോയ ഭാഗ്യരേഖ
മുറിഞ്ഞുപോയ വിവാഹരേഖ
ചിതറിപ്പോയ ബുദ്ധിരേഖ
കുത്തുവീണ ഹ്രദയരേഖ
വല്ലതും തരൂ .... പ്ളീസ് ........
ദൈന്യം നിറഞ്ഞ വാക്കുകള്‍
കൈവെള്ളയില്‍ വീണ നോട്ടുവിറക്കുന്നു
ചുരുട്ടിപ്പിടിച്ചകൈകളുമായി നടന്നകലുന്വോള്‍
ഒരു തിരിഞ്ഞുനോട്ടം
ഒരു പുഞ്ചിരി
എല്ലാം പ്രതീക്ഷിച്ചതുവെറുതെ
കടലിരന്വുന്നു
കടല്‍ക്കാക്കകള്‍ വട്ടമിട്ടുപറക്കുന്നു
ഈ കടല്‍
കരകാണാക്കടല്‍
ജീവിതത്തിന്‍െറ
അന്തമില്ലാത്ത കടല്‍

2009, ഡിസംബർ 9, ബുധനാഴ്‌ച

മഴ


കോണ്‍ക്രീറ്റു വനത്തിനുള്ളിലെ
ഇഷ്ടികച്ചൂള ഫ്ളാറ്റിനുള്ളില്‍
തപിച്ചുവെന്തുരുകുകയാണുഞാന്‍
അതിവേഗം കറങ്ങുന്ന രണ്ടു പങ്കകളും
തുറന്നിട്ട മൂന്നു ജാലകങ്ങളും
ചൂടുകുറക്കാനാകാത്ത നിസ്സഹായതയിലാണ്
വിയര്‍പ്പുചാലില്‍ ഒഴുകിയും
ഉഷ്ണശയ്യയില്‍ ഉരുണ്ടും
കുപ്പിവെള്ളം കുടുകുടാക്കുടിച്ചും
രാത്രിതീരുവാന്‍ കാത്തിരിക്കയാണുഞാന്‍
പെട്ടെന്നൊരു വെള്ളിടിവെട്ടി
തണുത്ത കാറ്റ് കടന്നു വന്നു
മഴത്തുള്ളികളുടെ പ്രണയത്തില്‍
മനവും തനുവും തളിര്‍ത്തുപോയി

2009, ഡിസംബർ 7, തിങ്കളാഴ്‌ച

ആകാശജാലകം തുറക്കുന്നു ഞാന്‍

സ്നേഹത്തിന്റെ നിറം നീലയാണെന്നമ്മപറഞ്ഞു
ആകാശത്ത് അലയുന്നത് സ്വപ്നങ്ങളാണെന്ന് മുത്തശ്ശിയും
ആകാശത്ത് തിളങ്ങുന്നതാത്മക്കളാണെന്നാരോ
ആകാശത്തിന്നതിര് അനന്തനീലിമയെന്ന് പക്ഷികള്‍

ആകാശമെനിക്കെന്നും നിത്യവിസ്മയമായിരുന്നു
ആകാശത്തിന്റെ അതിരുതേടുന്ന പക്ഷിയാണുഞാന്‍
ആകാശമേഘങ്ങളുടെ അക്ഷരസന്ദേശങ്ങള്‍ കാത്തിരിക്കുന്നവന്‍
ആകാശത്തിലലയുന്ന വെറുമൊരു അവധൂതമേഘസ്വരൂപം

തുറക്കുന്നു ഞാനീ ആകാശജാലകം
ഏല്ലാം കാണാന്‍ , ഏല്ലാം അറിയാന്‍
തിരയുന്നു ഞാനീ ആകാശസൗഹ്രദം
ഏല്ലാം പറയാന്‍ , ഏല്ലാം കേള്‍ക്കാന്‍