2020, ഡിസംബർ 29, ചൊവ്വാഴ്ച

കൃസ്തുമസ് രാത്രിയിൽ

 


കൃസ്തുമസ് രാത്രിയിൽ

00000000000000000000000

നഗരവീഥികളുറങ്ങുന്ന രാവിൽ

പഥികനായ് ഞാൻ പതിയെ നടക്കേ

മൂടിപ്പുതച്ചുറങ്ങുന്നു മക്കൾ

തെരുവിെൻറയോരത്ത് എല്ലാം മറന്ന്

കേട്ടുവോ ഞാനൊരു രോദനം കാതാൽ

അല്ല, അതൊരു കുഞ്ഞിൻ കരച്ചിൽ

മുലകുടിമാറാത്ത പിഞ്ചിളംപൈതൽ

കിടക്കുന്നു കുപ്പക്കൂനക്കരികിൽ

വെള്ളത്തുണിയിൽ പൊതിഞ്ഞൊരു ജീവൻ

കൈകാലടിച്ച് കരയുന്നു തനിയെ

അരികിലായ് നില്പുണ്ട് തെരുവിലെ നായ്ക്കൾ

പിഞ്ചുകുരുന്നിനു കാവലായ് ചുറ്റും

മണം പിടിച്ച് നോക്കി നില്ക്കുന്നു

കാണാത്ത കാഴ്ചകൾ കാണുന്നപോലെ

ഓടിയടത്തു വാരിയെടുക്കേ

ഇളം ചൂടു മാറിൽ പടരുന്നു മെല്ലെ

കൊച്ചിളം ചുണ്ടുകൾ പിളരുന്നു തനിയെ

പാലിനായ് നാവ് വരളുകയാവാം

ആശുപത്രിയിലേക്കോടുന്നു ഞാനും

ആമ്പുലൻസിനായ് കാത്തുനില്ക്കാതെ

ഉറക്കച്ചടവോടെ വാതിൽ തുറന്നു

പാറാവുകാരൻ പരിഭവത്തോടെ

കുഞ്ഞിനെ നഴ്സിനു കൈമാറും നേരം

അമ്മയെവിടെന്ന് ചോദ്യമെറിഞ്ഞു

ഞാനാണമ്മ ഞാനാണച്ഛനും

കൃസ്തുമസ് രാത്രിയുടെ സമ്മാനമാണിവൻ

കേട്ടു പകച്ചു നില്ക്കുന്നു നഴ്സും

എന്തുചെയ്യേണ്ടന്നറിയാതെ ഞാനും

കണ്ണു തുളുമ്പുന്നു മാലാഖപ്പെണ്ണിെൻറ

നെഞ്ചോടു ചേർത്തുകൊണ്ടോടുന്നു പിന്നെ

പാവം നഴ്സമ്മ നൊന്തു പ്രസവിച്ച

അഞ്ചുമക്കളും മരിച്ചെന്ന കാര്യം

മെല്ലെയെൻ കാതിലോതുന്നുണ്ടാരോ

കണ്ണു നിറയുന്നു കാഴ്ച മങ്ങുന്നെെൻറ

സന്തോഷമെന്നിൽ നിറയുന്നനേകം

എത്തേണ്ടകൈയ്യിൽ എത്തിച്ചതോർത്ത്

ഇറങ്ങു ഞാനാ കൃസ്തുമസ് രാവിൽ

ആകാശമാകെ ചിരിച്ചു നില്കുന്നു

വെണ്ണിലാചന്ദ്രിക സ്നേഹം കൊളുത്തി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ