നഷ്ടങ്ങൾ
ംംംംംംംംംംംംംംംംംംംംംംംംം
( കോറോണ കവർന്നെടുത്തത് പുഞ്ചിരികളെയും സ്നേഹസ്പർശനങ്ങളെയും
സഞ്ചാര സ്വാതന്ത്ര്യത്തേയും മാത്രമല്ല തിരിച്ചെടുക്കാനാകാത്ത
സൌഹൃദങ്ങളെയുംകൂടിയാണ്.
സുഹൃത്തെ, നിന്നെക്കുറിച്ച് ഞാൻ എഴുതുവതെങ്ങിനെ.....
എഴുതാതിരിക്കുവതെങ്ങിനെ.....
നിഴൽപോലും കൂട്ടില്ലാത്ത ഇരുട്ടിെൻറ ഏകാന്തതയിലേക്ക്
നീ
നടന്നുപോയപ്പോൾ യാത്ര ചൊല്ലുവാൻ പോലും
എനിക്കു കഴിഞ്ഞില്ലല്ലോ.
സ്വന്തം മണ്ണിനെ എല്ലാറ്റിലുമുപരി
സ്നേഹിച്ചിട്ടും ജോലി തേടി നിനക്ക്
കടൽ കടക്കേണ്ടി വന്നു. കൌമാരപ്രണയം
സാക്ഷാൽക്കരിക്കാൻ മോഹിച്ചുകൊണ്ട് അവധിപോലും എടുക്കാതെ നിനക്ക് മരുഭൂമിയിൽ
വിയർപ്പൊഴുക്കേണ്ടിവന്നു .ഒടുവിൽ നിറഞ്ഞ
സമ്പാദ്യവുമായി തിരിച്ചു വരാൻ തയ്യാറെടുക്കുമ്പോഴാണ്............)
മഷിത്തണ്ടുചെടിയാൽ മാക്കട്ടെ ഞാനീ
മനസ്സിെൻറ സ്ലേറ്റിലെഴുതിയ വരികൾ
പാടം കടന്നെത്തും തണുപ്പുള്ള
കാറ്റിൽ
പാറിപ്പറക്കട്ടെ നിന്നോർമ്മന്ന വാനിൽ
അകിലുപോൽ പുകയുന്നു നിന്നോർമ്മയെന്നിൽ
പകലുപോൽ തെളിയുന്നു നിൻ ചിരി മുന്നിൽ
നെല്ലിക്കപോലെ ചവർപ്പുള്ള വാക്കുകൾ
മധുരിക്കുമോർമ്മയായ് മാറുന്ന വേളയിൽ
പൂക്കുന്നു ചെമ്പകം നിൻ വീട്ടുതൊടികളിൽ
മണക്കുന്നു കൈതോല തോട്ടിൻ കരകളിൽ
ഓർക്കുന്നുവോ നീ ഓർമ്മയിൽ പൂത്തോരാ
പൂമരം തേടിയലഞ്ഞൊരാ നാളുകൾ
വഴുക്കുന്ന വരമ്പുകളിലോടി വീണു നാം
നനഞ്ഞ തുണിയുമായ് പഠിക്കുവാൻ പോയതും
വേലിക്കള്ളിയും തുണ്ടുപെൻസിലും വിറ്റു നാം
നാരങ്ങാമിഠായി വാങ്ങി നുണഞ്ഞതും
ഓർക്കുന്നു ഞാൻ നിൻ മൺകുടിൽ തിണ്ണയിൽ
തായം കളിച്ചുകൊണ്ടിരുന്നൊരാ സന്ധ്യകൾ
മൺകലത്തിൽ നിന്നു നിന്നമ്മ പകർന്നൊരാ
പഴങ്കഞ്ഞിരുചിയുടെ എരിവുള്ള സ്വാദുകൾ
മണ്ണിരകളെ ചൂണ്ടയിൽ കോർത്തു നീ
ആമ്പൽക്കുളത്തിൽ മീൻ പിടിക്കുന്നതും
കുളക്കോഴിയിട്ടൊരാ മുട്ടകൾ തേടി നാം
തോട്ടുവരമ്പത്ത് പരതി നടന്നതും
കൈതപ്പൂകൊണ്ടൊരു കളിപ്പാട്ടമുണ്ടാക്കി
കൈതോലക്കാട്ടിൽ തോരണം തീർത്തതും
ഓർമ്മകൾ മരിക്കാത്ത
ഓർമ്മകളാണെല്ലാം
നൊമ്പരമിറ്റുന്ന മരമഴച്ചില്ലകൾ
പ്രവാസ ജീവിത മരുപ്പരപ്പിൽ
മരുപ്പച്ച തേടി നീ പറന്നു പോകേ
കണ്ണുനീർ ബാഷ്പങ്ങളൊരുക്കുന്നു മണ്ണിൽ
കാണാമരീചിക നിറയുന്നു കണ്ണിൽ
കാണുന്നു ഞാൻ ................
നിൻ ശരീരത്തിൽ ചുറ്റിവരിഞ്ഞ കവചങ്ങൾ
തണുത്തപ്പെട്ടിയിലെ അവസാനത്തെ വിശ്രമം
മരുഭൂമിയിലെ വരണ്ട മണലിലെ കുഴിമാടം
കത്തുന്ന സൂര്യനൊരുക്കിയ ചിത
നേരുന്നു നിനക്കായ് ശാന്തിതീരങ്ങൾ
അർപ്പിക്കുന്നെൻ സ്മൃതിപുഷ്പങ്ങൾ
പെയ്യുന്നശ്രുവർഷകണളാലുദകം
നിശ്വാസത്തിൻ ശാന്തിമന്ത്രത്തണൽ
ംംംംംംംംംംംംംംംംംംംംംംംംംംംംംംം
മേൽമുണ്ടയൂർ വാസുദേവൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ