2015 ഏപ്രിൽ 6, തിങ്കളാഴ്‌ച

ശാന്തമായൊഴുകുന്ന യമുനയുടെ തീരം
ഇവിടെ  ഞാന്‍  കാണുന്നു കവിയുടെ ഹൃദയം
വെണ്ണക്കല്‍ ശില്പംപോല്‍ ഒരു സ്മാരകം
പ്രണയത്തിന്‍െറ, വിരഹത്തിന്‍െറ, ഏകാന്തതയുടെ
ഒരിക്കലും എഴുതിത്തീരാത്ത കവിതപോലെ
കാലത്തെ അതിജീവിക്കുന്ന കാല്പനികത.
അത്  രാജാവിന്‍െറതോ, ശില്പിയുടെതോ..

2015 ഫെബ്രുവരി 21, ശനിയാഴ്‌ച

ദിനാന്ത്യക്കുറിപ്പുകള്‍

ദിനാന്ത്യക്കുറിപ്പുകള്‍
കുംഭം-9
വരണ്ട പകലുകള്‍.
ഇരുണ്ട രാത്രികള്‍
കോണ്‍ക്രീറ്റ് വനങ്ങളില്‍
മരിക്കുന്ന ഇളം  കാറ്റ്
മുരളുന്ന യന്ത്രങ്ങള്‍
ഏകാന്തതയിലെവിടെയോ ഇരുന്നു്
ഒരൊറ്റക്കുയില്‍ പാടുന്നു
ഓര്‍മ്മയിലെവിടയൊ മരത്തുടി കരയുന്നു
ഹരിതവര്‍ണ്ണം വറ്റിയ ക്യാന്‍വാസിനു മുന്നില്‍
ചിത്രം പൂര്‍ത്തിയാക്കാനാകാതെ ഞാനിരിക്കുന്നു.

2012 നവംബർ 20, ചൊവ്വാഴ്ച

യാത്ര


ഒടുവില്‍
ഒടുങ്ങാത്ത ഓര്‍മ്മകളുമായി തിരിച്ചുവരുമ്പോള്‍
അടച്ചിട്ട വാതിലിനുമുന്‍പില്‍ അനാഥമാക്കപ്പെട്ട പത്രങ്ങള്‍
ജീവന്‍ വീണ്ടുകിട്ടിയ മെബൈലില്‍
മിസ് ഡ് കോളുകളുടെ നീണ്ടനിര
മെയിലില്‍ ഒരുപാട് അന്വോഷണങ്ങള്‍
ലക്ഷ്യമില്ലാത്ത യാത്രകള്‍
നമ്മുക്കൊന്നും നഷ്ടപ്പെടുത്തുന്നില്ല
നമ്മുക്കൊന്നും നേടിത്തരുന്നുമില്ല
ദേശാടനക്കിളികളെപ്പോലെ
പുതിയ തീരങ്ങള്‍ തേടുമ്പോള്‍
ശൂന്യമായ മനസ്സു്
ഒരപ്പുപ്പന്‍താടിപോലെ
പറന്നു പറന്നു പോകുന്നു
പറക്കാന്‍ ഒരാകാശം
മുഴുവന്‍ സ്വന്തം

2010 സെപ്റ്റംബർ 4, ശനിയാഴ്‌ച

നാലാമന്‍

കള്ളകര്‍ക്കിടകത്തിന്‍െറ
നനഞ്ഞിരുണ്ട നിഴല്‍.
എറാലില്‍ നിന്നിറ്റുന്ന കണ്ണുനീര്‍
മഴമഞ്ഞു പുതച്ച പച്ചപ്പുകള്‍.
തവളകളുടെ വിലാപസ്വരങ്ങള്‍.
തണുത്ത കാറ്റിന്‍െറ മരവിച്ച ആലിംഗനം.
മുളങ്കാടുകളുടെ സംഹാരനൃത്തങ്ങള്‍.
പുഴയില്‍ പുളയുന്ന വേദനകള്‍.
ഒരു മുറിയില്‍ മൗനം മൂടി മൂന്നുപേര്‍.
നാലാമനെവിടെ ?
ജീവിതത്തെക്കാളേറെ സ്വപ്നങ്ങളെ സ്നേഹിച്ചവന്‍.
കവിതകളും വര്‍ണ്ണങ്ങളും നെഞ്ചിലേറ്റിയവന്‍.
വിപ്ലവവും പ്രണയവും പങ്കുവെച്ചവന്‍.
ദുരിതങ്ങളുടെ തീരാച്ചുമടുമായി
കര്‍മബന്ധങ്ങളെ ചവിട്ടിമെതിച്ച്
പെരുമഴയിലേക്കിറങ്ങിപ്പോയവന്‍..
ചോരയിലും മഴയിലും നനഞ്ഞ റയില്‍പ്പാളം.
സമാന്തരങ്ങളുടെ വിദൂരായഥാര്‍ത്ഥസന്ധികള്‍.
ചിതറിയ പുസ്തകങ്ങളില്‍ വീണ മജ്ജയും മാംസവും.
ഒരു പൊതിച്ചോറിന്‍െറ തീരാത്ത അവശിഷ്ടം.
അക്ഷമയോടെ കാത്തിരിക്കുന്ന കാക്കകള്‍.
മഴയില്‍ കുതിര്‍ന്നു വീഴാറായ
പുല്ലുമേഞ്ഞ മണ്‍കുടില്‍.
മണ്ണെണ്ണ വിളക്കിന്‍െറ അരണ്ട നാളങ്ങള്‍.
മുറ്റത്തെ ചാണകം മെഴുകിയ ഇത്തിരി മണ്ണില്‍
കോടി പുതച്ചുറങ്ങുന്നവന്‍..
അടക്കിപ്പിടിച്ച വിലാപങ്ങള്‍.
ഭ്രാന്തമായി ഉഴറുന്ന കാറ്റ്.
ഇരുണ്ട ആകാശം പൊട്ടിയൊലിക്കുമ്പോള്‍
തണുക്കാതെ മണ്ണിലുറങ്ങുന്നവന്‍.
കര്‍ക്കിടകവാവിലെ കറുത്തചന്ദ്രന്‍.
ഒഴുകുന്ന പുഴയരികില്‍ മൂന്നുപേര്‍.
ഒരിലച്ചീന്തില്‍ രണ്ടുമണിയരിയും.
ഒരു റോസാപൂവും.
ഒരു പുസ്തകവും.
ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
കാണാമെന്ന കരാറില്‍ യാത്രപിരിയുമ്പോള്‍
തുളുമ്പാത്ത കണ്ണുനീരിന്‍െറ ഒടുങ്ങാത്ത കടച്ചില്‍.

2010 ജൂലൈ 15, വ്യാഴാഴ്‌ച

സന്ധ്യ


ഒരു പകലിവിടെയെരിഞ്ഞടങ്ങീടുന്നു
ഒരു സന്ധ്യപൂത്തിടുന്നു
വിങ്ങുന്ന പാദങ്ങളീവഴിത്താരയില്‍
പദമുദ്ര തീര്‍ത്തിടുമ്പോള്‍
ഇത്തിരി നേരമീ സന്ധ്യതന്‍ ചാരത്തിരിക്കട്ടെ-
ഞാനേകനായ്.
കണ്ടില്ല കണ്ടില്ല കാണാന്‍ കൊതിച്ചോരാ
നീര്‍മരുപ്പച്ചയും ഞാന്‍
കണ്ടു ഞാന്‍ വിണ്ടുകിടന്ന പാടങ്ങളും
വരളുന്ന നദിയുടെ നന്മകളും.
കേട്ടില്ല കേട്ടില്ല കേള്‍ക്കാന്‍ കൊതിച്ചൊരാ
കുയിലിന്‍െറ നാദവും ഞാന്‍.
കേട്ടു ഞാന്‍ തോക്കിന്‍െറ ഗര്‍ജ്ജനവും പിന്നെ
മുനിയുന്ന, പിടയുന്ന രോദനവും
തളരുന്നയെന്‍ മേനി തഴുകുവാന്‍ വന്നില്ല
കുളിരലതെന്നലിന്ന്
എന്നെത്തഴുകുവാന്‍ വന്നത് തപ്തമാം
വിഷലിപ്ത മാരുതനോ ?
സിന്ദൂരംവീണിരുണ്ടുപോം വഴികളില്‍
കത്തുന്ന കല്‍വിളക്കില്‍
സ്നേഹമൊഴിച്ചൊരു തിരി നീട്ടുവാനായെന്‍
കൈകള്‍ തരിച്ചു നില്‍ക്കേ
ഒരുമതന്‍ ഇരുകല്ലുക്കൂട്ടിയുരച്ചൊരു
അഗ്നിസ്ഫുലിംഗമാകാന്‍
വന്നില്ലയിതുവഴി ആരുമേയീവന
ഏകാന്തശാന്തഭൂവില്‍.

2010 ജൂലൈ 5, തിങ്കളാഴ്‌ച

പന്തിന്‍െറ നിസ്സഹായത


ദക്ഷിണാഫ്രിക്കയില്‍ ലോകപന്തുരുളുന്നു.
മൈതാനത്തില്‍ മുഴങ്ങുന്ന വവുസലയുടെ ശബ്ദം
ഗാലറിയില്‍ ആനന്ദനടനങ്ങള്‍.
മൈതാനത്ത്
ആക്രമണങ്ങളും,പ്രത്യാക്രമണങ്ങളും
പ്രതിരോധങ്ങളും,പിഴവുകളും
ഫൌളുകളും,വര്‍ണ്ണകാര്‍ഡുകളും.
മൈതാനം നിറഞ്ഞുകളിക്കുന്ന ലോകങ്ങള്‍.
ടിക്കറ്റുകളും,പരസ്യങ്ങളും,വാതുവെയ്പുകളും
പണക്കൊയ്ത്തിനിറങ്ങുന്ന കളികള്‍
കളികഴിയുമ്പോള്‍ ശൂന്യമാകുന്ന മൈതാനം
വൃത്തിയാക്കുന്ന തൊഴിലാളികളുടെ പ്രതിഷേധം.
ചൂഷണത്തിനെതിരെ മുദ്രാവാക്യങ്ങള്‍
ലാത്തിച്ചാര്‍ജ്ജുകളും അറസ്റ്റുകളും
എല്ലാം വാരിക്കൂട്ടികൊണ്ടുപോകുന്നവര്‍ക്കുമുന്‍പില്‍
നിസ്സഹായതയോടെ നോക്കിനില്‍ക്കുന്ന കറുത്തമണ്ണ്.
പത്രത്താളുകളില്‍ക്കണ്ട പശ്ചിമാഫ്രിക്കയുടെ മുഖം
വിശപ്പുകൊണ്ട് മരിക്കാറായ കുഞ്ഞിനെ
വേദനവിങ്ങുന്ന മിഴിയോടെ നോക്കുന്ന
അസ്തിക്കൂടം പോലെ ഒരമ്മ.
വിശപ്പടക്കാന്‍ ഉറുമ്പുകള്‍ ശേഖരിച്ച അരിപോലും
അപഹരിക്കുന്ന മനുഷ്യര്‍.....
കാലികള്‍ ആര്‍ത്തിയോടെ കാര്‍ന്നുതിന്നുന്ന ഇലകള്‍
അരിഞ്ഞെടുത്ത് വിശപ്പടക്കുന്ന മറ്റുചിലര്‍.
എല്ലും തോലുമായ കാലികളെ
അവശേഷിക്കുന്ന മാംസത്തിനായി കശാപ്പുചെയ്യുന്നവര്‍
വികസിതരാഷ്ട്രങ്ങളുടെ സഹായപ്പട്ടികയില്‍
എന്തുകൊണ്ടോ ഇടം നഷ്ടപ്പെട്ട ഹതഭാഗ്യര്‍.
മത്സരിക്കുന്ന രണ്ടു ടീമുകള്‍ക്കിടയിലെ
പന്തിന്‍െറ നിസ്സഹായത ആരറിയാന്‍ ?...

2010 ജൂൺ 7, തിങ്കളാഴ്‌ച

പുസ്തകം



കെട്ടുപൊട്ടിച്ചിതറിപ്പോയ
താളുകളുടെ നിസ്സഹായതയിലാണെന്‍െറ
ജീവിതപുസ്തകം.
താളുകള്‍ പെറുക്കിക്കൂട്ടാന്‍
ശ്രമിക്കയാണു ഞാന്‍.
തലങ്ങും വിലങ്ങും
കിടന്നും പാറിയും
മുഷിഞ്ഞും കീറിയും
മങ്ങിയും തെളിഞ്ഞും
കാണപ്പെടുന്ന താളുകള്‍.
അടുക്കിവെക്കുന്തോറും
കുതറിതെറിക്കുന്ന താളുകള്‍.
അതിനിടയില്‍
കാത്തു നില്ക്കാത്ത ബസ്സുകളും
കൂകിവിളിച്ചോടിപ്പോയ തീവണ്ടികളും
എനിക്കുവേണ്ടി കാത്തു നില്ക്കാത്ത നിമിഷങ്ങളും.
ആദ്യമാദ്യം
പരിഭ്രമത്തോടെ
അമ്പരപ്പോടെ
ഞാന്‍ താളുകള്‍ വാരിക്കൂട്ടി.
പിന്നീട് ചലനവേഗം കുറഞ്ഞു.
നിമിഷ നദിയുടെ കുത്തൊഴുക്കില്‍
എന്‍െറ കാലിടറി.
കാലഘടികാരത്തിന്‍െറ സൂചിയില്‍
കാലുമുട്ടി മുറിഞ്ഞു.
എന്നിട്ടും
ഒരിക്കലും ഒതുക്കിത്തീരാത്ത,
തുന്നിച്ചേര്‍ക്കപ്പെടാത്ത താളുകള്‍
എനിക്കു മുന്നില്‍ വിളറിവെളുത്തുകിടന്നു.