ഒരു പകലിവിടെയെരിഞ്ഞടങ്ങീടുന്നു
ഒരു സന്ധ്യപൂത്തിടുന്നു
വിങ്ങുന്ന പാദങ്ങളീവഴിത്താരയില്‍
പദമുദ്ര തീര്‍ത്തിടുമ്പോള്‍
ഇത്തിരി നേരമീ സന്ധ്യതന്‍ ചാരത്തിരിക്കട്ടെ-
ഞാനേകനായ്.
കണ്ടില്ല കണ്ടില്ല കാണാന്‍ കൊതിച്ചോരാ
നീര്‍മരുപ്പച്ചയും ഞാന്‍
കണ്ടു ഞാന്‍ വിണ്ടുകിടന്ന പാടങ്ങളും
വരളുന്ന നദിയുടെ നന്മകളും.
കേട്ടില്ല കേട്ടില്ല കേള്‍ക്കാന്‍ കൊതിച്ചൊരാ
കുയിലിന്‍െറ നാദവും ഞാന്‍.
കേട്ടു ഞാന്‍ തോക്കിന്‍െറ ഗര്‍ജ്ജനവും പിന്നെ
മുനിയുന്ന, പിടയുന്ന രോദനവും
തളരുന്നയെന്‍ മേനി തഴുകുവാന്‍ വന്നില്ല
കുളിരലതെന്നലിന്ന്
എന്നെത്തഴുകുവാന്‍ വന്നത് തപ്തമാം
വിഷലിപ്ത മാരുതനോ ?
സിന്ദൂരംവീണിരുണ്ടുപോം വഴികളില്‍
കത്തുന്ന കല്‍വിളക്കില്‍
സ്നേഹമൊഴിച്ചൊരു തിരി നീട്ടുവാനായെന്‍
കൈകള്‍ തരിച്ചു നില്‍ക്കേ
ഒരുമതന്‍ ഇരുകല്ലുക്കൂട്ടിയുരച്ചൊരു
അഗ്നിസ്ഫുലിംഗമാകാന്‍
വന്നില്ലയിതുവഴി ആരുമേയീവന
ഏകാന്തശാന്തഭൂവില്‍.