2020 നവംബർ 19, വ്യാഴാഴ്‌ച

ചുമർച്ചിത്രങ്ങൾ


 കണ്ടു ഞാൻ നിന്നെ ചുമർച്ചിത്രഭംഗിയിൽ

കണ്ണാ നിൻ വർണ്ണവിലസിത  ഭാവങ്ങൾ

കേട്ടില്ല നിൻ പുല്ലാങ്കുഴൽ നാദസ്വരാമൃതം

മുഴങ്ങുന്ന മണിയിലൊളിക്കുന്നുവോ സ്വരം

ഗൂരുവായൂരമ്പലമതിലിൽ കിടക്കുമ്പോൾ

തേടുന്നതെന്തു നീ നാദമോ  വർണ്ണമോ

( കടപ്പാട് -ഗുരുവായൂരിലെ ചുമർച്ചിത്രങ്ങൾ)

2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

പരാജിതൻെറ ജാതകം

 

തലകുമ്പിട്ട്

മൌനിയായി

ഇരിക്കയാണവൻ

നഷ്ടജാതകം തേടി

വന്നതാണവനെൻ മുന്നിൽ

ആരോ പറഞ്ഞുവിട്ട

ദൂതനെപ്പോലെ

ഭാവിയറിയാൻ

കാത്തിരിക്കയാണവൻ

പന്ത്രണ്ട് കളങ്ങളിൽ

ഒമ്പതു ഗ്രഹങ്ങളിൽ

നിറയുമോ ഒരു ജന്മത്തിൻ

ജീവിത സമസ്യകൾ

ജനിച്ചതു ഗ്രാമത്തിൽ

പഠിച്ചതു നഗരത്തിൽ

കമ്മവഴികൾ വിദേശത്ത്

നന്മവഴികൾ സ്വദേശത്തും

മിത്രങ്ങൾ കുബുദ്ധികൾ

വിശ്വാസവഞ്ചന കാട്ടി

കരാഗ്രഹവാസം നേടി

തിരച്ചെത്തി ഹതാശനായ്

പണമില്ല പദവിയും

പരാവാരങ്ങളില്ല

സ്നേഹിക്കാൻ

പിണങ്ങുവാൻ

ഹൃദയ ബന്ധങ്ങളില്ല

രോഗങ്ങളുടെ പെരുമഴ

തോരാത്ത മഹാമാരി

വീണുപോയ് വിഷണ്ണനായ്

ആതുരാലയ   ശയ്യയിൽ

മരണം മണക്കുന്നു

അസ്തമയമടുക്കുന്നു

എന്തു ചൊല്ലൂവാനീ 

പരാജിതൻെറ ഭാവികൾ


2020 മേയ് 2, ശനിയാഴ്‌ച

ഏകാന്തത

  
വിജന തീരത്തു കണ്ടു ഞാൻ
ഏതാന്ത നിമിഷ നദീതട സ്വപ്നം
കരളുപാതി പകുക്കുവാനാകാതെ
കരയുകയാണേതോ പ്രണയം
ചിറകടിച്ചുപ്പറക്കുവാനാശിച്ചു
വീണുപോകുന്ന കിനാക്കൾ
ഇനിയുറക്കെക്കരയണമെന്നാർത്തു
വിങ്ങി നില്കുന്ന കാർമേഘം
തഴുകിയുണർത്തുമവാൻ വരവുണ്ടു
മാനത്ത് പാറി നടക്കുന്ന തെന്നൽ
മഴ നനയുവാൻ കാത്തിരിക്കുന്നു ഞാൻ
വരിക സ്നേഹമേ വരിക





2020 ഫെബ്രുവരി 4, ചൊവ്വാഴ്ച

ചെമ്പരത്തി പറഞ്ഞത്

                                                    കാറ്റിൻെറ കയ്യിൽ  ആടുവാൻ വയ്യെനി
                                                    കനവിൻെറ  വഴിയെ നടക്കാനുമാകില്ല
                                                   കാടുകത്തുന്നു കണ്ടുവോ കണ്ണടക്കാതെ നീയാ
                                                   രോദനം കേട്ടുവോ  കാതുപൊത്തീടാതെ
                                                   ജീവനും കൊണ്ടോടുന്നു ജീവികൾ
                                                   ഓടുവാനാകാതെ നില്ക്കുന്നു ഞങ്ങളീ
                                                 ഭൂമിയുടെ നെഞ്ചകം കത്തിയെരിയുംവരെ


2019 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

തുലാവർഷമഴ

തുലാവർഷമഴയിൽ
ഇലപച്ചപ്പടർപ്പിൽ
നിറയുന്ന വർണ്ണമോ നീ
അലിയുന്ന ഓർമ്മയോ നീ
അണയാത്ത  ബാല്യമോ നീ
പറയൂ പാടുന്ന മനസ്സിൻ  കുളിരേ....


2019 ഓഗസ്റ്റ് 7, ബുധനാഴ്‌ച

മഴയും മരവും

മരച്ചില്ലകളിൽ
ഇലതുമ്പുകളിൽ
മഴയുടെ വിരലുകൾ
ജലകണമായ്
മൃദുരവമായ്
മഴയുടെ കാലുകൾ
പാടുന്ന പകലുകൾ
കരയുന്ന രാത്രികൾ
നൃത്തമാടുന്ന  നിഴലുകൾ



2019 മേയ് 24, വെള്ളിയാഴ്‌ച

ദൈവം

മുല്ലപ്പൂ സുഗന്ധം തിരയുന്ന പോലെ
അഗ്നി താപം തേടുന്നപോലെ
ജലം ആർദ്രത മോഹിക്കുന്ന പോലെ
അമ്പലങ്ങളിലും പള്ളികളിലും
ദൈവത്തെ  തേടിയലയുന്നൂ മനുഷ്യർ
ഒരു  നിമിഷം
കണ്ണടച്ച്
കാതടച്ച്
ഉള്ളിലേക്ക്
ആഴങ്ങളിലേക്ക്
ഇറങ്ങിപോയാൽ
അവരറിയും
അവർ തേടുന്ന  ദൈവം
അവരുടെ ഉള്ളിലാണെന്ന സത്യം